ഇന്ത്യയിലെ പ്രാദേശിക വിതരണക്കാർക്ക് പണം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളായ ഫോക്സ്കോണിന്റെ (Foxconn) ഇന്ത്യൻ യൂണിറ്റിനെതിരെ പാപ്പരത്ത ഹർജി. ബെംഗളൂരു പ്ലാന്റിലെ വനിതാ ജീവനക്കാർക്കായി താമസസൗകര്യം (ഡോർമിറ്ററി) നൽകിയ ‘ബിസിഡി എംപ്രാസ എൽഎൽപി’ (BCD Emprasa LLP) എന്ന കമ്പനിയാണ് 143 കോടി രൂപ (15.3 മില്യൺ ഡോളർ) കുടിശ്ശിക ആവശ്യപ്പെട്ട് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ (NCLT) ചെന്നൈ ബെഞ്ചിൽ ഹർജി നൽകിയത്. വാടകയും മറ്റ് അനുബന്ധ സേവന നിരക്കുകളും നൽകുന്നതിൽ ഫോക്സ്കോൺ വീഴ്ച വരുത്തിയെന്നാണ് ഓഗസ്റ്റ് 12-ന് നൽകിയ ഹർജിയിലെ ആരോപണം.

2024 ഏപ്രിലിൽ ഒപ്പുവെച്ച കരാർ പ്രകാരം 2026 ജൂലൈ വരെയുള്ള കാലയളവിലേക്ക് 700 താമസ യൂണിറ്റുകളാണ് ഫോക്സ്കോൺ വാടകയ്ക്കെടുത്തിരുന്നത്. ജീവനക്കാർ താമസിച്ചാലും ഇല്ലെങ്കിലും വാടക നൽകണമെന്നായിരുന്നു കരാർ. എന്നാൽ 2025 മെയ് മാസത്തിൽ നൽകേണ്ടിയിരുന്ന തുക ഫോക്സ്കോൺ കുടിശ്ശികയാക്കിയെന്നും, മധ്യസ്ഥനെ നിയമിക്കാനുള്ള നിർദ്ദേശം പോലും കമ്പനി അംഗീകരിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. പണം മുടങ്ങിയത് തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി ബിസിഡി പ്രതികരിച്ചു.
ബിസിഡിക്ക് പുറമെ മറ്റ് നാല് വിതരണക്കാരും മാസങ്ങളായി തങ്ങളുടെ കുടിശ്ശിക ലഭിക്കാതെ കാത്തിരിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ബെംഗളൂരു പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരാണ് ഇവരിൽ ഭൂരിഭാഗവും. കമ്പനിയിലെ ചില വിദേശ ജീവനക്കാർ മടങ്ങിപ്പോയതാണ് പ്രാദേശിക കരാറുകാർക്കുള്ള പണമടവ് വൈകാൻ കാരണമായതെന്നാണ് വിവരം. ആപ്പിളിന്റെ വിതരണ ശൃംഖലയിൽ ടാറ്റ ഇലക്ട്രോണിക്സുമായി കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിൽ, ഈ നിയമനടപടി ഫോക്സ്കോണിന് പുതിയ തലവേദനയായിരിക്കുകയാണ്.
BCD Emprasa has filed an insolvency lawsuit against Foxconn India in NCLT Chennai to recover ₹143 crore in unpaid employee housing dues.

