മഡഗാസ്കറിലെ വന്യജീവി സംരക്ഷണത്തിനും പരിപാലനത്തിനുമായി അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ സംഘടനയായ ‘വൻതാര’ (Vantara) മഡഗാസ്കർ പരിസ്ഥിതി-സുസ്ഥിര വികസന മന്ത്രാലയവുമായി 10 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. 2026 നവംബർ 24-ന് ഒപ്പുവെച്ച ധാരണാപത്രപ്രകാരം മഡഗാസ്കറിന്റെ സംരക്ഷണ പങ്കാളിയായി വൻതാരയെ അംഗീകരിച്ചിട്ടുണ്ട്. വിദേശത്ത് പിടികൂടുന്ന മഡഗാസ്കർ വന്യജീവികളെ തിരികെ നാട്ടിലെത്തിക്കുക, വന്യജീവി രക്ഷാപ്രവർത്തനം, പുനരധിവാസം, ചികിത്സ, സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മടക്കിവിടൽ എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. മഡഗാസ്കറിന്റെ ദേശീയ വന്യജീവി രക്ഷാ-പുനരധിവാസ കേന്ദ്രത്തിന്റെ വികസനത്തിനും വൻതാര പിന്തുണ നൽകും.

പ്രാദേശിക വൈദഗ്ധ്യം വളർത്തുന്നതിനായി പരിശീലന പരിപാടികൾ, ഇന്റേൺഷിപ്പുകൾ, വിദഗ്ധ കൈമാറ്റം, ഗവേഷണം എന്നിവയും കരാറിന്റെ ഭാഗമാണ്. തിരികെ കൊണ്ടുവരുന്ന ജീവികളുടെ ആരോഗ്യ പരിശോധന, ക്വാറന്റൈൻ, ജനിതക പരിശോധന തുടങ്ങിയ ശാസ്ത്രീയ പിന്തുണയും വൻതാര നൽകും. മഡഗാസ്കറിലെ തനത് ലെമർ ഇനങ്ങളിൽ 90 ശതമാനവും വംശനാശ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഈ കരാർ. പ്രകൃതി പൈതൃകം സംരക്ഷിക്കാൻ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണെന്ന് മഡഗാസ്കർ മന്ത്രി നൊലേവ് ലക്ക് അരിസ്റ്റിഡ് ആൻഡ്രിയാറ്റ്സിഹാലയും, പ്രാദേശിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വൻതാര സിഇഒ വിവൻ കരാനിയും വ്യക്തമാക്കി.
Anant Ambani’s Vantara has signed a 10-year agreement with Madagascar’s Environment Ministry to strengthen wildlife protection, rescue, and rehabilitation.

