2036 സമ്മർ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ അവകാശവാദം വ്യാഴാഴ്ച അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (IOC) ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷന് മുന്നിൽ അവതരിപ്പിക്കും. ന്യൂഡൽഹിയിൽ നിന്ന് ഓൺലൈനായി നടക്കുന്ന ഈ നിർണ്ണായക സെഷനിൽ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, കായിക സെക്രട്ടറി ഹരി രഞ്ജൻ റാവു, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റ് പി.ടി. ഉഷ, ഐ.ഒ.സി അംഗം നിത അംബാനി, അത്ലറ്റ്സ് കമ്മീഷൻ മേധാവി പി.വി. സിന്ധു, ഗുജറാത്ത് കായിക മന്ത്രി ഹർഷ് സംഘ്വി എന്നിവരടങ്ങുന്ന ഉന്നതതല സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ജർമ്മനി, ഹംഗറി, ഖത്തർ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഇന്ത്യയും ആതിഥേയത്വത്തിനായി രംഗത്തുള്ളത്.

2030 കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന അഹമ്മദാബാദിലെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും, ആഗോള കായിക മേളകൾ സംഘടിപ്പിച്ചതിന്റെ മുൻകാല അനുഭവസമ്പത്തുമാണ് ഇന്ത്യ പ്രധാനമായും ഐ.ഒ.സിക്ക് മുന്നിൽ ഉയർത്തിക്കാട്ടുന്നത്. 2025 ജനുവരിക്കും 2026 ജൂണിനും ഇടയിൽ രാജ്യത്തെ 15-ലധികം നഗരങ്ങളിലായി 36 അന്താരാഷ്ട്ര കായിക മത്സരങ്ങൾ വിജയകരമായി സംഘടിപ്പിച്ചതും, 2027-2028 വർഷങ്ങളിലായി 19 അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് വേദിയാകാൻ ഒരുങ്ങുന്നതും ഇന്ത്യയുടെ സാധ്യതകൾക്ക് കരുത്തേകുന്നു. അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര പദ്ധതികൾ, സാമ്പത്തിക ഭദ്രത എന്നിവ വിലയിരുത്തിയാണ് കമ്മീഷൻ ഓരോ രാജ്യത്തിന്റെയും അപേക്ഷ പരിശോധിക്കുന്നത്.
ഇന്നത്തെ അവതരണത്തിന് ശേഷം, ഒളിമ്പിക്സ് ആതിഥേയത്വത്തോടുള്ള ഇന്ത്യയിലെ പൊതുജനങ്ങളുടെ മനോഭാവം അളക്കുന്നതിനായി ഡിസംബർ മൂന്നാം വാരത്തിൽ ഐ.ഒ.സി ഒരു Anonymous Survey നടത്തും. ഈ സർവേ ഫലങ്ങൾ കൂടി പരിഗണിച്ചായിരിക്കും അടുത്ത വർഷം മാർച്ചിൽ ഇന്ത്യയുടെ അപേക്ഷയുടെ പ്രാഥമിക വിലയിരുത്തൽ നടക്കുക. തുടർന്ന് സാമ്പത്തിക ഗ്യാരണ്ടികൾ സമർപ്പിക്കുന്ന ‘സ്ട്രാറ്റജിക് ഡയലോഗ്’ ഘട്ടവും, 2028-ൽ ആരംഭിക്കുന്ന അന്തിമ ഘട്ടമായ ‘ടാർഗെറ്റഡ് ഡയലോഗും’ പൂർത്തിയാക്കിയ ശേഷമായിരിക്കും 2036 ഒളിമ്പിക്സ് വേദിയുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
India presents its 2036 Olympics and Paralympics hosting bid to the IOC, highlighting Ahmedabad’s infrastructure, sporting experience and readiness.
