കൊച്ചിയിലെയും തിരുവനന്തപുരത്തെയും വായു ഗുണനിലവാരം വിലയിരുത്തുന്നതിനും മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ശുപാർശ ചെയ്യുന്നതിനുമായി സംസ്ഥാന സർക്കാർ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ കൺവീനറായ സമിതിയിൽ ന്യൂഡൽഹിയിലെ ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (TERI) സീനിയർ ഫെലോ സുരേഷ് രാമസുബ്രഹ്മണ്യൻ അയ്യർ, കോഴിക്കോട് എൻ.ഐ.ടി സിവിൽ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസർ ഡോ. ജോർജ് കെ. വർഗീസ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇരു നഗരങ്ങളിലെയും വായു ഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങളും, വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്ന എ.ക്യു.ഐ (AQI) കണക്കുകളിലെ പൊരുത്തക്കേടുകളും സമിതി വിശദമായി പരിശോധിക്കും. വാഹനങ്ങളിൽ നിന്നുള്ള പുക, നിർമ്മാണ പ്രവർത്തനങ്ങൾ, റോഡിലെ പൊടിപടലങ്ങൾ, മാലിന്യം കത്തിക്കൽ, വ്യവസായ മലിനീകരണം, തുറമുഖ-വിമാനത്താവള പ്രവർത്തനങ്ങൾ തുടങ്ങിയ പ്രധാന മലിനീകരണ സ്രോതസ്സുകളെ സമിതി കണ്ടെത്തും. നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനൊപ്പം തത്സമയ വായു ഗുണനിലവാര വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനും ആരോഗ്യ മുന്നറിയിപ്പുകൾ നൽകുന്നതിനുമുള്ള സുതാര്യമായ സംവിധാനവും സമിതി ശുപാർശ ചെയ്യും. പഠന റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനാണ് സമിതിക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
Kerala government appoints a three-member expert committee to assess air quality in Kochi and Thiruvananthapuram and recommend measures to control pollution.
