ഇന്ത്യയിലെ ഇരുചക്രവാഹന വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ‘എക്സ്’ (X) ശ്രേണിയിൽ പുതിയ ബൈക്കുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി ഹാർലി ഡേവിഡ്സൺ അറിയിച്ചു. ഹീറോ മോട്ടോകോർപ്പുമായി ചേർന്ന് നടപ്പാക്കുന്ന വിപണി വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയിൽ ഹാർലി ഡേവിഡ്സൺ 17-ാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ ഇരു കമ്പനികളും സംയുക്തമായി ‘മിഷൻ: ദ ബിഗ് റൈഡ്’ (Mission: The Big RIDE) എന്ന പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. പുതിയ മോഡലുകളുടെ അവതരണത്തിനൊപ്പം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിക്കുക, ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തമാക്കുക, റൈഡിംഗ് കമ്മ്യൂണിറ്റിയെ വളർത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

നിലവിൽ ഹീറോ മോട്ടോകോർപ്പുമായി ചേർന്ന് വികസിപ്പിച്ച് ഇന്ത്യയിൽ നിർമ്മിക്കുന്ന എക്സ്440 (X440), എക്സ്440 ടി (X440 T) എന്നീ മോഡലുകളാണ് എക്സ് ശ്രേണിയിൽ കമ്പനി വിപണിയിലുള്ളത്; ഇവ രണ്ടും ചേർന്ന് ഇതുവരെ 50,000-ത്തിലധികം യൂണിറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. വിദേശ വിപണികളിൽ ലഭ്യമായ എക്സ്350 (X350), എക്സ്500 (X500), അടുത്തിടെ പുറത്തിറങ്ങിയ എക്സ്350 ടി (X350 T) തുടങ്ങിയ മോഡലുകൾ ഭാവിയിൽ ഇന്ത്യയിലേക്ക് എത്താനുള്ള സാധ്യതയും പുതിയ പ്രഖ്യാപനത്തോടെ സജീവമായിട്ടുണ്ട്. ഹാർലി ഡേവിഡ്സൺ പ്രസിഡന്റും സി.ഇ.ഒയുമായ ആർട്ടി സ്റ്റാർസ്, ഹീറോ മോട്ടോകോർപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ പവൻ മുഞ്ചാൽ എന്നിവരാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയത്.
Harley-Davidson announces plans to expand its ‘X’ series bike range and dealership network in India through ‘Mission: The Big RIDE’ with Hero MotoCorp.
