ടിക്കറ്റെടുത്ത യാത്രക്കാർക്ക് കെഎസ്ആർടിസി തിരികെ പണം നൽകുന്നോ? സംഗതി സത്യമാണ്. ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്ബാക്ക് എന്ന വമ്പൻ ഓഫറാണ് ആനവണ്ടി അധികൃതർ മുന്നോട്ടു വയ്ക്കുന്നത്. ‘സ്കാൻ ആൻഡ് പേ’, ‘ചലോ യുപിഐ’ എന്നീ രണ്ട് പുതിയ സംവിധാനങ്ങൾ വഴി ടിക്കറ്റ് എടുക്കുന്നവർക്കാണ് ആനുകൂല്യം.

കെഎസ്ആർടിസി ബസ് യാത്രക്കാർക്ക് ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ ലളിതമാക്കാൻ ചലോ ആപ്പിൽ പുതിയ സംവിധാനങ്ങൾ നിലവിൽ വന്നു. ‘സ്കാൻ ആൻഡ് പേ’, ‘ചലോ യുപിഐ’ എന്നീ രണ്ട് ഫീച്ചറുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനിൽ ലഭിക്കുന്ന ചലോ യുപിഐ ക്യൂആർ കോഡ്, ആപ്പ് വഴി സ്കാൻ ചെയ്ത് നേരിട്ട് പണമടയ്ക്കാൻ കഴിയുന്നതാണ് സ്കാൻ ആൻഡ് പേ സംവിധാനം. കൂടാതെ, ഫോണിലെ മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറാതെ തന്നെ പണമടയ്ക്കാൻ കഴിയുന്നതാണ് രണ്ടാമത്തെ സംവിധാനം. ഇതിനായി ചലോ ആപ്പിൽത്തന്നെ നേരിട്ട് യുപിഐ പിൻ നൽകി പണമടച്ചാൽ മതി. പണമടയ്ക്കുന്നതിനായി ഗൂഗിൾ പേ (GPay), ഫോൺ പേ (PhonePe) തുടങ്ങിയ മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറാതെ തന്നെ, ചലോ ആപ്പിനുള്ളിൽ നേരിട്ട് യുപിഐ പിൻ നൽകി ഇടപാടുകൾ പൂർത്തിയാക്കാൻ ഈ സൗകര്യം സഹായിക്കുന്നു. പുതിയ പേയ്മെന്റ് രീതികൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി നവംബർ 30 വരെ ആകർഷകമായ ക്യാഷ്ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്.
പുതിയ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കുന്ന യാത്രക്കാർക്ക് നവംബർ 30 വരെ ഓരോ യോഗ്യമായ ഇടപാടിനും 50% ക്യാഷ്ബാക്ക് ലഭിക്കും. കുറഞ്ഞത് 5 രൂപയുടെ ഇടപാടുകൾക്കാണ് ഈ ഓഫർ ലഭിക്കുക. ഒരു ഇടപാടിൽ പരമാവധി 10 രൂപ വരെയാണ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. ലഭിക്കുന്ന തുക 24 മണിക്കൂറിനുള്ളിൽ ഭീം (BHIM) ആപ്പ് വഴി അക്കൗണ്ടിലേക്ക് എത്തും.
നിലവിൽ ആൻഡ്രോയിഡ് (Android) ഫോണുകളിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. പുതിയ ഫീച്ചറുകൾ ലഭിക്കുന്നതിനായി ഉപഭോക്താക്കൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ചലോ ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
KSRTC is offering 50% cashback on bus tickets purchased using the Chalo app’s new ‘Scan and Pay’ and ‘Chalo UPI’ features. Passengers can scan the QR code on the conductor’s electronic ticketing machine or pay directly through the Chalo app without switching to other UPI apps. Valid until November 30, the offer applies to transactions of ₹5 or more, with a maximum cashback of ₹10 per transaction. The cashback will be credited to the passenger’s account through BHIM within 24 hours.
