വാഴച്ചാൽ പ്രദേശത്തെ ചെറുകിട വനവിഭവ ഉത്പാദകർക്കായുള്ള സംരംഭമാണ് ഫോറസ്റ്റ് പോസ്റ്റ് (Forest Post ). തേനീച്ചമെഴുക്, എണ്ണകൾ, മുളകുട്ടകൾ, തുണി സഞ്ചികൾ എന്നിവയുൾപ്പെടെ കൈകൊണ്ട് വസ്തുക്കൾ നിർമിക്കുന്നവരുടെ ഒരു ശൃംഖലയാണിത്. ഈ സംഘടന എങ്ങിനെ രൂപം കൊണ്ടു എന്നറിയാമോ?
ദക്ഷിണേന്ത്യയിൽ ആദ്യമായി സാമൂഹിക വനാവകാശം (Community Forest Rights ) ലഭിച്ച പ്രദേശങ്ങളിലൊന്നാണ് വാഴച്ചാൽ വനത്തിന് ചുറ്റുമുള്ള പ്രദേശം.ഇവിടത്തെ ഗ്രാമങ്ങൾക്ക് അവരുടെ പരമ്പരാഗതമായി കൈവശം വച്ചിരിക്കുന്ന വനഭൂമിയെ അംഗീകരിക്കാനും, വിഭവങ്ങൾ സംരക്ഷിക്കാനും കൈകാര്യം ചെയ്യാനും അവകാശം നൽകുന്നു. ചാലക്കുടി, കരുവന്നൂർ നദീതടങ്ങൾ വനത്തെ ആശ്രയിച്ചു ജീവിക്കുന്ന തദ്ദേശീയ ഗ്രാമങ്ങളും വാസസ്ഥലങ്ങളും നിറഞ്ഞതാണ്.
പരിസ്ഥിതിശാസ്ത്രത്തിൽ പരിശീലനം നേടിയ സാമൂഹിക പ്രവർത്തക കൂടിയായ ഡോ.മഞ്ജു വാസുദേവൻ ഈ തദ്ദേശീയ അംഗങ്ങളുമായി പലപ്പോഴും കാട്ടിലേക്ക് പോകുമായിരുന്നു. ഒരു യാത്രയിൽ, വനത്തിൽ കാട്ടുശതാവരി സമൃദ്ധമാണെന്ന് അവർ മനസ്സിലാക്കി. അവർ അതിൽ നിന്ന് അച്ചാർ ഉണ്ടാക്കാൻ തുടങ്ങി.
അവരുടെ ഒരു പ്രാദേശിക പരിപാടിയിൽ, ഒരു സ്ത്രീ മഞ്ജുവിൻ്റെ അടുത്ത് വന്ന് അച്ചാറല്ലാതെ മറ്റെന്തെങ്കിലും ശതാവരി ഉൽപ്പന്നങ്ങൾ ഉണ്ടോ എന്ന് ചോദിച്ചു. കാട്ടുതേനിന്റെ ഉപയോഗത്തെക്കുറിച്ച് അറിയാമായിരുന്ന മഞ്ജു , തേൻ ഉപയോഗിച്ച് ശതാവരി ഉത്പന്നം തയാറാക്കി പരീക്ഷിച്ചു. അത് ഹിറ്റായി മാറുകയും ചെയ്തു.
അങ്ങനെ വനവിഭവങ്ങൾ കൊണ്ടുള്ള ഭക്ഷണ ഉൽപന്നങ്ങൾ മാത്രമല്ല, ഗോത്രങ്ങൾ നിർമ്മിച്ച കൊട്ടകൾ, പായകൾ, സഞ്ചികൾ, മറ്റ് സാധനങ്ങൾ എന്നിവയും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള പ്രാഥമിക മാർഗമായി ഈ പ്രാദേശിക പരിപാടികൾ മാറി.
ഈ ഒരു ലക്ഷ്യം നിറവേറ്റുന്നതിനായി കാദർ, മലയർ, മുതുവർ എന്നീ ഗോത്രങ്ങളുമായി ഇടപഴകിയ മഞ്ജുവും സംഘവും 2017-ൻ്റെ തുടക്കത്തിൽ അങ്ങനെ ഫോറസ്റ്റ് പോസ്റ്റ് എന്ന ശൃംഖല സ്ഥാപിച്ചു. ഡോ.മഞ്ജു വാസുദേവന്റെ ഇടപെടലിൽ കേരളത്തിലെ തദ്ദേശീയ സമൂഹങ്ങൾക്ക് ഉപജീവനത്തിനുള്ള അവസരങ്ങൾ നൽകാൻ ഫോറസ്റ്റ് പോസ്റ്റിലൂടെ സാധിച്ചു.
പരാഗണ പരിസ്ഥിതി ശാസ്ത്രത്തിൽ പിഎച്ച്.ഡി.നേടിയ മഞ്ജു കേരളത്തിലെ റിവർ റിസർച്ച് സെൻ്ററിലെ കൺസർവേഷൻ ആൻഡ് ലൈവ് ലിഹുഡ്സ് പ്രോഗ്രാമിനും നേതൃത്വം നൽകുന്നു. നദീജല അവകാശ സമര സേനാനിയായ ഡോ ലത അനന്തയ്‌ക്കൊപ്പം നദീജല അവകാശ പ്രസ്ഥാനത്തിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്.
വിവിധ ഔഷധ ഇലകൾ, വേരുകൾ, മരങ്ങളുടെ പുറംതൊലി, തേൻ, റെസിൻ എന്നിവയും പല ഉൽപ്പന്നങ്ങളും സംസ്ഥാന വനം വകുപ്പിൻ്റെ വന വികസന ഏജൻസി ന്യായവിലയ്ക്ക് ആദിവാസികളിൽ നിന്ന് വാങ്ങുന്നു.
തദ്ദേശീയരായ ആളുകൾക്ക് വിഭവങ്ങൾ എവിടെ കണ്ടെത്താമെന്നും വിളവെടുപ്പ് വർഷത്തിലെ ഏത് സമയത്താണെന്നും അറിയാം. വനത്തെ, പരിസ്ഥിതിയെ ചൂഷണം ചെയ്യാതെ എത്രമാത്രം വിളവെടുക്കാമെന്നും അവർക്കറിയാം എന്ന് മഞ്ജു പറയുന്നു. ഉദാഹരണത്തിന് മെയ് മാസത്തിലെ മൂന്നോ നാലോ ആഴ്ചയിൽ മാത്രം ലഭിക്കുന്ന ഒരു കാട്ടു മുന്തിരിയുണ്ട്. അതും തേടിപ്പിടിച്ചു ശേഖരിക്കുന്ന അംഗങ്ങളുണ്ട് എന്ന് മഞ്ജു ചൂണ്ടിക്കാട്ടുന്നു.
പദ്ധതിയുടെ തുടക്കത്തിൽ, നീലഗിരിയിലെ കീസ്റ്റോൺ ഫൗണ്ടേഷനിൽ നിന്ന് അവർക്ക് ധനസഹായം ലഭിച്ചു, അത് മൂന്ന് വർഷമായി തുടർന്നു. തേനീച്ച മെഴുകും സൗന്ദര്യവർദ്ധക വസ്തുക്കളും ഉപയോഗിച്ച് എങ്ങനെ ഉൽപ്പന്നങ്ങൾ നിർമ്മിക്കാമെന്ന് കീസ്റ്റോൺ സ്ത്രീകളെ പഠിപ്പിക്കുകയും, പരിശീലിപ്പിക്കുകയും ചെയ്തു.
ഫോറസ്റ്റ് പോസ്റ്റ് വെബ്സൈറ്റ് വഴി ഉപഭോക്താക്കൾക്കിപ്പോൾ നേരിട്ട് ഉത്പന്നങ്ങൾ വാങ്ങാം. പ്രാദേശിക ഓർഗാനിക് ഷോപ്പുകളിൽ വിൽപ്പന നടത്തി കേരളത്തിൻ്റെ സ്ത്രീ ശാക്തീകരണ സംരംഭമായ കുടുംബശ്രീ പോലുള്ള നിലവിലുള്ള പരിപാടികളുമായി ബന്ധിപ്പിച്ചുകൊണ്ട് ഫോറസ്റ്റ് പോസ്റ്റ് അവസരങ്ങൾ പരമാവധി വിനിയോഗിക്കുന്നുണ്ട്.
Forest Post is a network of forest produce harvesters and makers of handmade goods such as beeswax, oils, bamboo baskets, and cloth bags. The forest produce-based enterprises are scattered across six villages in Kerala’s Western Ghats in the Chalakudy and Karuvannur River Basins.