അതിരുകടന്ന സ്വത്തുക്കൾക്ക് പേരുകേട്ടവരും പ്രശസ്തരുമായ നിരവധി ശതകോടീശ്വരന്മാരുടെ നാടാണ് ഇന്ത്യ. അവരുടെയൊക്കെ യാത്രാ ആവശ്യങ്ങൾക്കും ബിസിനസ്സ് ആവശ്യങ്ങൾക്കുമൊക്കെയായി സ്വകാര്യ ജെറ്റുകളും എയർബസുകളും ഗതാഗത മാർഗ്ഗങ്ങളായി ഇവരൊക്കെ ഉപയോഗിക്കാറുണ്ട്. ഇക്കൂട്ടത്തിൽ 100 കോടി രൂപയ്ക്ക് എയർബസ് ഹെലികോപ്റ്റർ വാങ്ങിയ ആദ്യ ഇന്ത്യക്കാരൻ ആരാണെന്ന് അറിയാമോ? 100 കോടി രൂപ വിലമതിക്കുന്ന എയർബസ് ഹെലികോപ്റ്റർ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് മലയാളികളുടെ സ്വന്തം വ്യവസായി ബി.രവി പിള്ള. കേരളത്തിലെ കൊല്ലം സ്വദേശിയായ രവി പിള്ള, യുഎഇ-ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമായ ആർപി ഗ്രൂപ്പിൻ്റെ സ്ഥാപകനും ചെയർമാനുമാണ്.
2022 ജൂണിൽ ആണ് 100 കോടി രൂപയ്ക്ക് എയർബസ് H145 എന്ന ആഡംബര ഹെലികോപ്റ്റർ രവി പിള്ള വാങ്ങിയത്. എയർബസ് നിർമിച്ച ഈ ഹെലികോപ്റ്റർ ആദ്യമായി ഇന്ത്യയിൽ വാങ്ങുന്ന ആൾ രവി പിള്ള ആയിരുന്നു. ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. കടൽ നിരപ്പിൽ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും പറന്നുയരാനും കഴിയും എന്നതാണ് എച്ച്145ന്‍റെ പ്രധാന സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേർക്കാണ് ഇതിൽ യാത്ര ചെയ്യാനാവുക. അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനർജി അബ്സോർബിങ് സീറ്റുകള്‍ അടക്കമുള്ളവയാണ് ഇവ.
അപകടം സംഭവിച്ചാല്‍ ഹെലികോപ്ടറില്‍ നിന്ന് ഇന്ധനം ചോരുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും ഈ ഹെലികോപ്റ്ററിലുണ്ട്. മെഴ്‌സിഡസ് ബെന്‍സ് ഡിസൈന്‍ ചെയ്തിട്ടുള്ള ഈ ഹെലികോപ്റ്റര്‍ ജര്‍മനിയിലെ കമ്പനിയില്‍ നിന്ന് രവി പിള്ള നേരിട്ട് വാങ്ങുകയായിരുന്നു. ഇന്നുവരെ ഇറങ്ങിയിട്ടുള്ള യാത്രാ ഹെലികോപ്റ്ററുകളില്‍ അത്യാഡംബരം നിറഞ്ഞ മോഡലാണ് എയര്‍ബസ് എച്ച് 145.
വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു രവി പിള്ളയുടേത്. ഒരു സാധാരണ കർഷകന്റെ മകനായി ജനിച്ച ഇദ്ദേഹം കഠിന പരിശ്രമത്തിലൂടെയാണ് ഇത്രയും വലിയ ബിസിനസുകാരനായി മാറിയത്. ആദ്യമായി ചിട്ടിഫണ്ട് മേഖലയിലേക്ക് കാലെടുത്തു വച്ചു. ഒരു ലക്ഷം രൂപ ലോണെടുത്ത് തുടങ്ങിയ ആദ്യ കമ്പനി വൻ പരാജയമായിരുന്നു. ആ തകർച്ചയിൽ നിന്നും ഉയർത്തെഴുന്നേറ്റ് പിള്ള 1978 ൽ സൗദി അറേബ്യയിലേക്ക് പോയി. 150 പേർ അംഗങ്ങളായുള്ള ഒരു കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. എന്നാൽ ഇന്ന് 70,000 ഓളം നിർമാണ തൊഴിലാളികളാണ് ആർ പി ഗ്രൂപ്പിനു പിന്നിൽ പ്രവർത്തിയ്ക്കുന്നത്. നാസർ എസ്. അൽ ഹജ്രി കോർപ്പറേഷൻ (NSH) എന്നാണ് അദ്ദേഹത്തിന്റെ സൗദിയിലെ കമ്പനിയുടെ പേര്.
70 കാരനായ രവി പിള്ള കൊച്ചി സർവകലാശാലയിൽ നിന്ന് എംബിഎ ബിരുദം പൂർത്തിയാക്കിയ ആളാണ്. 2010-ൽ ഇന്ത്യൻ സർക്കാർ രവി പിള്ളയെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. നേരത്തെ, 2008-ൽ പ്രവാസി ഭാരതീയ സമ്മാനിൻ്റെ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ഈ നേട്ടങ്ങൾ കൂടാതെ, ന്യൂയോർക്കിലെ എക്സൽസിയർ കോളേജിൽ നിന്ന് ഫിലോസഫിയിൽ പിഎച്ച്ഡി നേടിയിട്ടുള്ള ആളാണ് അദ്ദേഹം.
Discover the story of B. Ravi Pillai, the first Indian to buy an Airbus H145 helicopter worth Rs 100 crore. Learn about his journey from humble beginnings to becoming a prominent billionaire and business magnate.