പാരിസ് മോട്ടോർ ഷോയിൽ കൗതുകമുണർത്തി ബബിൾ ഇവി എന്ന കുഞ്ഞൻ കാറുകൾ. ഇസെറ്റ എന്ന ഇറ്റാലിയൻ മിനി കാറിന്റെ മാതൃകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച മൈക്രോലിനോ ഇവി ആദ്യമായി വന്നത് 2016ലെ ജനീവ മോട്ടോർ ഷോയിലാണ്. അതേ മോഡലിന്റെ ടൂറിസ്റ്റ് കാർ എന്ന ആശയവും നിലവിലുണ്ടായിരുന്നു. അതാണ് ഇപ്പോൾ പാരിസ് മോട്ടോർ ഷോയിലൂടെ മൈക്രോ മൊബിലിറ്റി സിസ്റ്റംസ് എന്ന സ്വിസ്സ് കമ്പനി യാഥാർത്ഥ്യമായിരിക്കുന്നത്. സ്പിയാജിന , ക്ലാസ്സിക് എന്നീ രണ്ട് വിഭാഗങ്ങളാണ് പ്രദർശനത്തിനുള്ളത്.
ജനത്തിരക്കേറിയ നഗരങ്ങളിലെ യാത്രാമാർഗം എന്ന നിലയിൽ മൈക്രോ കാറുകളുടെ പ്രാധാന്യം വർധിച്ചു വരികയാണ്. അത്തരം മൈക്രോ കാറുകളുടെ ഏറ്റവും ക്യൂട്ടസ്റ്റ് ഓപ്ഷനാണ് ബബിൾ ഇവി. 1950 കളിലും 60 കളിലും ബിഎംഡബ്ല്യു നിർമ്മിച്ച ഐക്കണിക് ഇസെറ്റയെപ്പോലെ, മൈക്രോലിനോയ്ക്കും ഒരു വാതിൽ മാത്രമേ ഉള്ളൂ. മൈക്രോലീനയുടെ ഇലക്ട്രിക് പതിപ്പാണ് ഇപ്പോൾ പ്രദർശനത്തിനെത്തിയിരിക്കുന്നത്.
വാഹനത്തിന്റെ റെട്രോ മോഡേൺ പതിപ്പുകളും സ്പെഷ്യൽ എഡിഷനുകളും പ്രദശനത്തിനുണ്ട്. ചെറുപ്പക്കാരായ ഡ്രൈവർമാരെയും അവധിക്കാല കേന്ദ്രങ്ങളിലേക്കും പരിഗണിച്ചാണ് ഡിസൈൻ രൂപകൽപന ചെയ്തിരിക്കുന്നത്. സ്പിയാജിന എന്ന പേരാണ് കമ്പനി ഇവയ്ക്ക് നൽകിയിരിക്കുന്നത്. ഫിയറ്റ് 600 ഇവി, സിട്രോൺ മെഹാരി തുടങ്ങിയ വാഹനങ്ങളോടാണ് മൈക്രോലിനോ സ്പിയാജിനോ ഇവി മത്സരിക്കുക.
ലൈറ്റ് ഇലക്ട്രിക് വിഭാഗത്തിൽ വരുന്ന വാഹനത്തിന് 90 കിലോമീറ്റർ വേഗത്തിൽ വരെ പോകാനാകും. 12.5kW മോട്ടോറാണ് ഉള്ളത്. ഒറ്റ ചാർജിങ്ങിൽ വാഹനം 177 കിലോമീറ്റർ ദൂരം താണ്ടും.
സ്റ്റീലും അലൂമിനിയവും കൊണ്ടാണ് വാഹനത്തിന്റെ ബോഡി നിർമിച്ചിരിക്കുന്നത്. മുകൾ വശങ്ങളും പിൻഭാഗവും തുറന്നിരിക്കുന്നു. മുകളിൽ ക്യാൻവാസ് വെച്ച് മറയ്ക്കാവുന്നതാണ്. എടുത്ത മാറ്റാവുന്ന തരത്തിലാണ് ഇപ്പോൾ മുകൾഭാഗം. ഭാവിയിൽ ഹാർഡ്ടോപ്പ് മോഡലും വരും.
2,519 എംഎം നീളവും 1,473 എംഎം വീതിയും, 1501 എംഎം ഉയരവുമുള്ള കുഞ്ഞൻ സ്പിയാജിന എളുപ്പത്തിൽ കൊണ്ട് നടക്കാം. ടൂറസ്റ്റുകൾക്ക് നഗരങ്ങളിലൂടെ എളുപ്പത്തിൽ ഓടിച്ചു പോകാൻ കഴിയുന്ന തരത്തിൽ ആയത് കൊണ്ട് കമ്പനി ഇതിനെ ടൂറിസ്റ്റ് വാഹനം എന്നും വിശേഷിപ്പിക്കുന്നു. കുഞ്ഞൻ ആണെങ്കിലും വാഹനത്തിന് 230 ലിറ്റർ ട്രങ്ക് സ്പേസ് ഉണ്ട്. നീല, വെള്ള നിറങ്ങളിൽ ലെതർ ഇൻ്റീരിയർ ആണ് വാഹനത്തിനുള്ളത്.
ഹോട്ടലുകളുമായി ചേർന്ന് ഓൺ-സൈറ്റ് റെൻ്റൽ സേവനമായി സ്പിയാജിനയെ കൊണ്ടുവരാനാണ് കമ്പനി ശ്രമം. തീം പാർക്കുകൾ, ട്രാവൽ ഏജൻസികൾ, ടൂർ ഗൈഡുകൾ എന്നിവരുടെ സഹകരണത്തോടെ ടൂറിസ്റ്റുകൾക്ക് അതുല്യമായ ഇലക്ട്രിക് വാഹന അനുഭവം നൽകുകയാണ് ലക്ഷ്യം.
അടുത്ത വർഷം സ്പിയാജിന യൂറോപ്പ്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തും. 24,990 യൂറോ ആയിരിക്കും പ്രാരംഭ വില. ഇറ്റലിയിലെ ടൂറിനിലുള്ള നിർമാണകേന്ദ്രത്തിലാണ് വാഹനം നിർമിക്കുന്നത്. യൂറോപ്പിനു പുറമേ യുഎസ് വിപണിയും കമ്പനി ലക്ഷ്യം വെക്കുന്നു.
The Microlino Spiaggina electric micro car debuts at the 2024 Paris Motor Show, offering an eco-friendly and stylish ride for vacationers, inspired by classic beach vehicles.