ബോളിവുഡ് താരങ്ങളുടെ ആസ്തിയും അവർ മക്കൾക്ക് നൽകുന്ന സമ്മാനങ്ങളും പുതുമയല്ല. അവരിൽ ചിലരെങ്കിലും ആ സമ്മാനവും സമ്പാദ്യവും പതിന്മടങ്ങായി ഇരട്ടിപ്പിച്ച് ശ്രദ്ധ നേടാറുണ്ട്. അത്തരത്തിലൊരു താരപുത്രനാണ് ഹൃത്വിക് റോഷൻ. പിതാവും സംവിധായകനും നടനും നിർമാതാവുമായ രാകേഷ് റോഷന്റെ നിഴലിൽ ഒതുങ്ങിയ ജീവിതവും കരിയറുമല്ല ഹൃത്വിക്കിന്റേത്. മറിച്ച് പിതാവിന്റെ സമ്പാദ്യവും സ്വന്തം സിനിമാ സമ്പാദ്യവും ചേർത്ത് ബിസിനസ് സംരംഭത്തിനിറങ്ങി വിജയം കൊയ്ത കഥയാണ് ഹൃത്വിക് എന്ന താരപുത്രന്റേത്. 3100 കോടി രൂപയാണ് ഹൃത്വിക്കിന്റെ നിലവിലെ ആസ്തി.
സൽമാൻ ഖാനേയും സെയ്ഫ് അലി ഖാനേയും രൺബീർ കപൂറിനേയുമെല്ലാം ഹൃത്വിക് സമ്പത്തിൽ ബഹുദൂരം പിന്നിലാക്കുന്നു. രാം ചരൺ, ജൂനിയർ എൻടിആർ, ആലിയ ഭട്ട് തുടങ്ങിയ മറ്റ് പ്രശസ്തരായ താര സന്തതികളുമായി താരതമ്യം ചെയ്യുമ്പോൾ ഹൃത്വിക് റോഷൻ സമ്പത്തിന്റെ കാര്യത്തിൽ ബഹുദൂരം മുന്നിലാണ്.
ഹൃത്വിക് റോഷന്റെ സമ്പാദ്യ സ്രോതസ്സ് സിനിമാഭിനയം മാത്രമല്ല. വിവിധ ബിസിനസ് നിക്ഷേപങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം. ഹൃത്വിക് സ്ഥാപിച്ച എച്ച്ആർഎക്‌സ് (HRX) എന്ന സ്പോർട്സ് ബ്രാൻഡിന്റെ മൂല്യം 1000 കോടി രൂപയാണ്. ഒരു ഇന്ത്യൻ അഭിനേതാവിന്റെ പേരിലുള്ള ഏറ്റവും വിജയകരമായ ബിസിനസ്സുകളിൽ ഒന്നാണ് HRX.
ഒരു സിനിമയിൽ അഭിനയിക്കുന്നതിനായി 85 കോടി രൂപ വരെ ഹൃത്വിക് പ്രതിഫലം വാങ്ങാറുണ്ട്. എന്നാൽ വളരെ സെലക്ടീവ് ആയി മാത്രം സിനിമകളിൽ അഭിനയിക്കുന്നതിനാൽ സിനിമകളിൽ നിന്നുള്ള വരുമാനം അദ്ദേഹത്തിന്റെ മൊത്തം സമ്പാദ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. എച്ച്ആർഎക്സ് കൂടാതെ നിരവധി ബിസിനസ് നിക്ഷേപങ്ങളിലും ഹൃത്വിക് പങ്കാളിയാണ്. ഇതിനു പുറമേ പിതാവിന്റെ നിർമ്മാണ കമ്പനിയായ ഫിലിംക്രാഫ്റ്റിൽ അദ്ദേഹത്തിന് ഓഹരിയുണ്ട്.
ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷൻ ബോളിവുഡിലെ പ്രമുഖ നടനും നിർമ്മാതാവുമാണ്. നടനെന്ന നിലയിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം എന്നാൽ പേരെടുത്തത് നിർമ്മാതാവ് എന്ന നിലയ്ക്കാണ്. സംവിധാന രംഗത്തും തിളങ്ങിയ താരം ഒരു പിടി നല്ല ചിത്രങ്ങൾ പ്രേക്ഷകർക്കായി ഒരുക്കി. രാകേഷിന്റെ പിതാവിനും ബോളിവുഡ് ബന്ധമുണ്ട്. റോഷൻ ലാൽ നഗ്രത്ത് എന്ന രാകേഷിന്റെ പിതാവ് സംഗീത സംവിധായകനും ഗായകനുമായിരുന്നു.
Discover how Hrithik Roshan, India’s richest star kid with a net worth of ₹3100 crore, built his wealth through acting, business ventures like HRX, and strategic investments.