ഈ ലോകത്തിൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് റിസ്ക് എടുക്കാനുള്ള ധൈര്യമുള്ളത്. അത്തരക്കാർക്ക് പലപ്പോഴും വലിയ നേട്ടങ്ങളും ഉണ്ടാവാറുണ്ട്. ജീവിതത്തിൽ ധൈര്യത്തോടെ തീരുമാനങ്ങളെടുത്ത് വിജയം നേടിയ ഒരു പെൺകുട്ടി ആണ് ഗാസിയാബാദിലെ നെഹ്റു നഗർ നിവാസിയായ ആരുഷി അഗർവാൾ. ഒരു കോടി രൂപ ശമ്പളമുള്ള രണ്ട് ജോബ് ഓഫറുകൾ വേണ്ടെന്നു വെച്ച്, ഒരു ലക്ഷം രൂപ നിക്ഷപത്തിൽ അവൾ ഒരു സംരംഭം ആരംഭിച്ചു. ഇന്ന് ആ കമ്പനിയുടെ മൂല്യം 50 കോടി രൂപയാണ്.
ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ ‘TalentDecrypt’ എന്ന സ്റ്റാർട്ടപ്പ് കമ്പനി ആണ് ആരുഷി ആരംഭിച്ചത്. ഇന്ന് കമ്പനി 50 കോടി രൂപ മൂല്യത്തിലേക്കാണ് വളർന്നിരിക്കുന്നത്. മൊറാദാബാദുകാരിയായ ആരുഷി നോയിഡയിലെ ജെ.പി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമാണ് ബി.ടെക്, എം.ടെക് ബിരുദങ്ങൾ നേടിയത്. എൻജിനീയറിങ് പഠന ശേഷം, ആരുഷി ഡൽഹി ഐ.ഐ.ടിയിൽ നിന്ന് ഇന്റേൺഷിപ്പ് ചെയ്തു. തുടർന്ന് ഒരു കോടി രൂപ വാർഷിക ശമ്പളമുള്ള രണ്ട് ജോബ് ഓഫറുകളാണ് അവൾക്ക് ലഭിച്ചത്. ഇത് നിരസിച്ച ആരുഷി സ്വന്തമായി സംരംഭം ആരംഭിക്കാനാണ് ചെറിയ പ്രായത്തിൽ തന്നെ തീരുമാനിക്കുന്നത്.
2018 വർഷത്തിന്റെ അവസാനത്തോടെ കോഡിങ് പഠിക്കാനും സോഫ്റ്റ് വെയർ ഡെവലപ് ചെയ്യാനും തുടങ്ങി. ഒന്നര വർഷത്തിനുള്ളിൽ TalentDecrypt എന്ന പേരിൽ ഒരു സോഫ്റ്റ് വെയർ ആരുഷി സ്വയം വികസിപ്പിച്ചെടുത്തു. ഇതാണ് കരിയറും, ജീവിതവും മാറ്റി മറിച്ചത്. 2020 കോവിഡ് കാലഘട്ടത്തിൽ മിനിമം മൂലധന നിക്ഷേപത്തിലാണ് ആരുഷി തന്റെ ബിസിനസ് ലോഞ്ച് ചെയ്യുന്നത്. റിക്രൂട്മെന്റ് നടപടിക്രമങ്ങൾ ലളിതമാക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് അവതരിപ്പിച്ചത്. ഉദ്യോഗാർത്ഥികൾ, അവർക്ക് യോജിച്ച റോൾ എന്നിവ കോഡ് ചെയ്ത് നൽകുന്ന നൂതന ആശയമായിരുന്നു വിജയത്തിലേക്കെത്തിയത്.
കോവിഡ് കാലത്ത് പല ആളുകൾക്കും ജോലി നഷ്ടപ്പെട്ടിരുന്നു. കമ്പനികൾക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാനും ബുദ്ധിമുട്ടുകൾ നേരിട്ടു. എന്നാൽ ഈ സാഹചര്യങ്ങൾ ആരുഷിയുടെ ബിസിനസ് ആശയത്തിന് ആശ്വാസമായി. മറ്റ് ബിസിനസുകൾ അടച്ചു പൂട്ടിയപ്പോൾ വേറിട്ട ആശയവുമായി ആരുഷിയുടെ പ്ലാറ്റ്ഫോം തിളങ്ങി തുടങ്ങി.
നൂറു കണക്കിന് ചെറുപ്പക്കാർക്ക് അവർ സ്വപ്നം കാണുന്ന ജോലി ലഭിക്കാൻ TalentDecrypt സഹായിച്ചു. യോജിച്ച ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ കമ്പനികൾക്കും ഈ പ്ലാറ്റ്ഫോമിലൂടെ സാധിച്ചു. ഇന്ന് യു.എസ്.എ, ജർമനി, സിംഗപ്പൂർ, യു.എ.ഇ, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലെയടക്കം 380 കമ്പനികൾ TalentDecrypt ന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു
തുടർച്ചയായ കഠിനാദ്ധ്വാനമാണ് നേട്ടങ്ങളെല്ലാം നൽകിയത്. ഇതിലൂടെ ഇന്ന് ഒരു മില്യണയറായി മാറാൻ ആരുഷിക്ക് സാധിച്ചു. ഭാരത സർക്കാരിന്റെ നീതി ആയോഗിന്റെ ‘Top 75 women entrepreneurs in India’ ലിസ്റ്റിൽ സ്ഥാനം നേടാനും ആരുഷിക്ക് സാധിച്ചത്, ഈ റിസ്ക് എടുത്തതിന്റെ ഫലമായിട്ടാണ്.
Discover the inspiring journey of Arushi Aggarwal, a young entrepreneur from Ghaziabad who turned down high-paying job offers to build her startup, TalentDecrypt. Her company, now valued at Rs 50 crore, has transformed recruitment, helping candidates and companies worldwide.