ഇ-ത്രീവീലറുകൾക്കുള്ള സബ്സിഡി പുന:സ്ഥാപിച്ച് കേന്ദ്രം. ഘനവ്യവസായ മന്ത്രാലയത്തിന്റെ പിഎം ഇലക്ട്രിക് ഡ്രൈവ് റെവല്യൂഷൻ ഇൻ ഇന്നൊവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെൻ്റ് (PM E-Drive) പദ്ധതിയിലൂടെയാണ് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്കുള്ള സബ്സിഡി പുന:സ്ഥാപിച്ചത്.
രാജ്യത്ത് മുച്ചക്ര വാഹനങ്ങൾ അടക്കമുള്ള ഇലക്‌ട്രിക് വാഹനങ്ങൾ വാങ്ങുന്നതിന് സബ്‌സിഡി തുടരുന്നത് സംബന്ധിച്ച് മാസങ്ങൾ നീണ്ട ഊഹാപോഹങ്ങളുണ്ടായിരുന്നു. ഇതിനെ തുടർന്ന് സെപ്റ്റംബറിലാണ് കേന്ദ്ര സർക്കാർ പിഎം ഇ-ഡ്രൈവ് പദ്ധതിയുമായി എത്തിയത്. മുൻപ് മറ്റ് ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം മുച്ചക്ര ഇ-വാഹനങ്ങൾക്കുള്ള സബ്സിഡിയും അവതാളത്തിലായിരുന്നു.
ഇതാണ് ഇപ്പോൾ പിഎം ഇ-ഡ്രൈവിലൂടെ പുനരാരംഭിച്ചത്. പിഎം ഇ-ഡ്രൈവിലൂടെ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾക്കായി കൂടുതൽ ഫണ്ട് അനുവദിക്കും. എൽ5 കാറ്റഗറിയിലുള്ള 3.16 ലക്ഷം ഇ ത്രീ വീലറുകൾക്കാണ് പദ്ധതിയിലൂടെ സബ്സിഡി നൽകുക. മികച്ച ബാറ്ററിയുള്ള വാഹനങ്ങൾക്ക് മാത്രമേ സബ്സിഡി നൽകുകയുള്ളൂ. വാണിജ്യ ആവശ്യങ്ങൾക്കുള്ള ഇ-ത്രീവീലറുകൾക്ക് മാത്രമേ സബ്സിഡി ലഭ്യമാകുള്ളൂ.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ, ആംബുലൻസുകൾ, ട്രക്കുകൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയ്ക്കായുള്ള പ്രധാനമന്ത്രി ഇ-ഡ്രൈവ് പദ്ധതിക്കായി 10,900 കോടി രൂപയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. ഇ-കാറുകൾ പദ്ധതിയിൽ വരില്ല. പദ്ധതിയിലൂടെ 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും 3.16 ലക്ഷം ഇ-ത്രീ വീലറുകൾക്കും 14028 ഇലക്ട്രിക് ബസുകൾക്കും പിന്തുണ ലഭിക്കും. രാജ്യത്തുടനീളം 88500 സൈറ്റുകളിൽ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനും സ്കീം സഹായിക്കും. മാർച്ചിൽ കാലഹരണപ്പെട്ട ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിംഗ് (ഫെയിം) സ്കീമിന് പകരമാണ് പിഎം ഇ-ഡ്രൈവ് പദ്ധതി.
PM E-Drive പോർട്ടൽ വഴി ഇലക്ട്രിക് മുച്ചക്ര വാഹന സബ്സിഡിക്കായി അപേക്ഷിക്കാം. പോർട്ടലിൽ ആദ്യം റജിസ്റ്റർ ചെയ്യണം. ആർടിഒ റജിസ്ട്രേഷന്റെ സമയത്ത് ഉടമയ്ക്ക് വാഹന ഡീലർ വഴി ഇ-വൗച്ചർ ലഭിക്കും.
ആധാർ രേഖകളും പിഎം-ഇ ഡ്രൈവ് ആപ്പും ഉപയോഗിച്ച് ഡീലർ
ഉടമയുടെ വിവരങ്ങൾ ഉറപ്പ് വരുത്തിയിട്ടുണ്ടാകും. പിന്നീട് ഉടമയുടെ മൊബൈലിലേക്ക് ഇ-വൗച്ചർ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലഭിക്കും. ഉടമ ഒപ്പിട്ട തിരിച്ച് സമർപ്പിക്കുന്ന ഇ-വൗച്ചറിലൂടെയാണ് സബ്സിഡി സംബന്ധിച്ച ബാക്കി നടപടികൾ നടക്കുക.
The Central Government restores subsidies for electric three-wheelers under the PM E-Drive scheme. Learn about the Rs 10,900 crore initiative, its benefits, and how to apply.