കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള കമ്പനിയാണ് ഐബിഎസ് ഗ്രൂപ്പ് (IBS Group). സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയെ വിശകലനം ചെയ്യുകയാണ് ഐബിഎസ് ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ്.
കേരളത്തിന്റെ വളർച്ചയെ രണ്ടു വിധത്തിൽ നോക്കിക്കാണാം. ഒരു വിധത്തിൽ നോക്കിയാൽ ഒരുപാട് കാലേകൂട്ടിയുള്ള നേട്ടങ്ങൾ സംസ്ഥാനമാണ് കേരളം. അതിന്റെ ബാക്കിപത്രമാണ് നമ്മുടെ ഉയർന്ന സുസ്ഥിര വികസന സൂചിക (SDI). മികച്ച വളർച്ച നേടിയ സംസ്ഥാനം, ദാരിദ്ര്യം കുറവുള്ള സംസ്ഥാനം, ഉയർന്ന ഇന്റർനെറ്റ്-സ്മാർട്ഫോൺ ഉപഭോഗം തുടങ്ങിയ കാര്യങ്ങളെല്ലാം ഈ സുസ്ഥിര വികസനത്തിന്റെ ഭാഗമായി കാണാം. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. സാമൂഹിക-സാമ്പത്തിക രംഗങ്ങളിൽ കേരളം നേരിയ മുന്നേറ്റം നടത്തുന്നുവെങ്കിലും സംസ്ഥാനം അതിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നില്ല.
സാമ്പത്തിക രംഗത്തെ മുന്നേറ്റത്തിന് മൂന്ന് കാര്യങ്ങൾ അനിവാര്യമാണ്. അതിൽ പ്രധാനമാണ് ജനങ്ങളുടെ പ്രവാഹം അഥവാ മൈഗ്രേഷൻ. മൈഗ്രൈഷൻ നമുക്ക് സഹായകരമാണോ അല്ലയോ എന്നതാണ് പ്രധാന വിഷയം. ടാലന്റഡ് ആയിട്ടുള്ള ആളുകൾ നമ്മുടെ രാജ്യത്തെ മൈഗ്രേഷന് വേണ്ടി തിരഞ്ഞെടുക്കുന്നുവെങ്കിൽ മൈഗ്രേഷൻ നല്ലതാണ്. എന്നാൽ പ്രാഗൽഭ്യമുള്ള ആളുകൾ കൂടുതലും ഇവിടെ നിന്നും പലായനം ചെയ്യുന്നുവെങ്കിൽ മൈഗ്രേഷൻ നല്ലതിനല്ല.
രണ്ടാമത്തെ പ്രധാന കാര്യം മൂലധന പ്രവാഹമാണ്. ജനങ്ങളെ ജോലിയിൽ പിടിച്ചു നിർത്താൻ മൂലധനം വേണം. കഴിഞ്ഞ മൂന്ന് നാല് വർഷത്തിനിടയിൽ നമ്മളിലേക്ക് ടാലന്റഡ് ആയിട്ടുള്ള ആളുകളുടെ വരവ് കുറഞ്ഞു. ഇതിന് കാരണം മൂലധനത്തിന്റെ അഭാവമാണ്.
സാമ്പത്തിക മുന്നേറ്റത്തിൽ പ്രധാനമായ മൂന്നാമത്തെ കാര്യമാണ് സാധന-സേവനങ്ങളുടെ പ്രവാഹം. ഇക്കാര്യമാണ് നമ്മൾ ഒരു കൺസ്യൂമർ സ്റ്റേറ്റ് ആണേ അതേ എക്സ്പോർട്ടിങ് സ്റ്റേറ്റ് ആണോ എന്ന് തീരുമാനിക്കുന്നത്. നമ്മൾ കൂടുതൽ ഉപഭോഗത്തിൽ ഊന്നുന്ന സംസ്ഥാനമാണെങ്കിൽ അതിനർത്ഥം നമ്മളെക്കൊണ്ട് വരുമാനം നേടുന്നത് മറ്റാരോ ആണ് എന്നാണ്. ജിഎസ്ടി പോലുള്ളവ വന്നപ്പോൾ ഒരു സംസ്ഥാനം ഉപഭോഗ്തൃ സംസ്ഥാനമാണോ അല്ലയോ എന്നൊക്കെ കണ്ടുപിടിക്കാൻ എളുപ്പമായി. കേരളത്തിന്റെ ഇറക്കുമതി-കയറ്റുമതി ഡെഫിസിറ്റ് എന്ന് പറയുന്നത് ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ്.
ഈ മൂന്ന് കാര്യങ്ങൾ നോക്കുമ്പോൾ കേരളം ഇന്നുവരെ എത്തിച്ചേർന്ന നേട്ടങ്ങൾ മതിയാകില്ല ഭാവിയിലേക്കുള്ള സാമ്പത്തിക നേട്ടത്തിന് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. സംരംഭക മേഖലയിലും ഗവൺമെന്റ് തലത്തിലും ജനങ്ങളുടെ ഭാഗത്തു നിന്നും കാര്യമായ വ്യത്യാസങ്ങൾ നമ്മൾ വരുത്തേണ്ടിയിരിക്കുന്നു.സ്വകാര്യ പങ്കാളിത്തം വികസനത്തിന് വലി പങ്കുവഹിക്കുമെന്നും അതിലൂന്നിയുള്ള വികസനനയങ്ങൾ രൂപപ്പെടുത്തണമെന്നും വി.കെ.മാത്യൂസ് അഭിപ്രായപ്പെട്ടു.
VK Mathews, Founder of IBS Group, discusses their new InfoPark campus, innovations in aviation and hospitality, and the company’s role in India’s Vision 2040.