വൻ പദ്ധതികളുമായി ക്വിക് കൊമേഴ്സ് സ്റ്റാർട്ടപ്പ് കിരാന പ്രോ (Kirana.pro) തൃശ്ശൂരിലേക്ക്. പലചരക്ക് കടകളിൽ നിന്ന് പത്ത് മിനിറ്റ് കൊണ്ട് സാധനങ്ങൾ വീട്ടിലെത്തിക്കുന്ന ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമാണ് കിരാന പ്രോ. കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ട്അപ്പ് ആണ് ഇതെങ്കിലും ഇവർ ഇതുവരെ ബെംഗളൂരു നഗരത്തിൽ മാത്രമേ കിരാന പ്രോയുടെ സേവനം നൽകിയിരുന്നുള്ളൂ. ഇതാണ് ഇപ്പോൾ തൃശൂരിലേക്കും എത്തിയിരിക്കുന്നത്.
ചില്ലറ വിൽപന നടത്തുന്ന കടകളെ സംരക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് കിരാന പ്രോ എന്ന ക്വിക്ക് കൊമേഴ്സ് സ്റ്റാർട്ടപ്പ് ആരംഭിച്ചത്. പ്രവർത്തനം ആരംഭിച്ച് മാസങ്ങൾക്കുള്ളിൽത്തന്നെ വലിയ തോതിൽ വളരാൻ സംരംഭത്തിനായി. കേരളത്തിലെ വിപണി സാധ്യതകൾ കൂടി പരിഗണിച്ച് ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ഒഎൻഡിസി) എന്ന ശൃംഖലയുടെ അടിസ്ഥാന സൗകര്യം ഉപയോഗപ്പെടുത്തിയാണ് തൃശൂരിൽ പ്രവർത്തനം തുടങ്ങാനുള്ള തീരുമാനം.
തൃശൂർവാസികൾക്ക് എല്ലാ അവശ്യ ഉത്പന്നങ്ങളും 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുമെന്ന വാഗ്ദാനവുമായാണ് കിരാന പ്രോയുടെ വരവ്. തൃശൂരിലെ സിറ്റി ഓഫീസ് കമ്പനിയുടെ ആസ്ഥാനമായി പ്രവർത്തിക്കുന്നത് വഴി സംസ്ഥാനത്തിലെ സാന്നിദ്ധ്യം ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50 മുതൽ 100 ജീവനക്കാർ വരെ ജോലിചെയ്യുന്ന ഓഫീസായി ഇത് വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉപഭോക്താക്കളെ ആകർഷിക്കാൻ നിരവധി ഓഫറുകളും കിരാന പ്രോ നൽകുന്നു. ചീറ്റ് കോഡുകൾ വഴി എല്ലാ സാധനങ്ങൾക്കും വമ്പിച്ച ഡിസ്കൗണ്ട് ലഭിക്കാനുള്ള അവസരമാണ് ഇതിൽ പ്രധാനം. ആപ്പ് വഴി RS1 എന്ന ചീറ്റ് കോഡ് പ്രയോജനപ്പെടുത്തി ആദ്യത്തെ 100 പേർക്കും THRISSURPOORAM എന്ന ചീറ്റ് കോഡ് ഉപയോഗിക്കുന്ന ആദ്യത്തെ 100 പേർക്കും 300 രൂപയിൽ താഴെ വരുന്ന എല്ലാ ഓർഡറുകളും വെറും 1 രൂപയ്ക്ക് ലഭിക്കും.
നേരത്തെ ഉത്പന്ന വികസനം, നിയമനങ്ങൾ എന്നിവയ്ക്കായി പ്രീ-സീഡ് ഫണ്ടിങ് റൗണ്ട് വഴി കിരാന പ്രോ മൂലധന സമാഹരണം നടത്തിയിരുന്നു. എത്ര തുകയാണ് സമാഹരിച്ചതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ടർബോ സ്റ്റാർട്ട്, അൺപോപ്പുലർ വെഞ്ച്വേഴ്സ്, ബ്ലൂം ഫൗണ്ടേഴ്സ് ഫണ്ട്, സ്നോ ലെപ്പേർഡ് എന്നീ നിക്ഷേപക സ്ഥാപനങ്ങളും യതീഷ് തൽവാഡിയ (മിൽക്ക്ബാസ്ക്കറ്റ്), വികാസ് തനേജ (ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ്) തുടങ്ങിയ പ്രമുഖ ഏഞ്ചൽ നിക്ഷേപകരുമാണ് കിരാന പ്രോയ്ക്ക് വേണ്ടി പണമിറക്കിയിരിക്കുന്നത്.
തൃശൂരിലേക്കുള്ള ചുവടുവെപ്പ് വ്യക്തിജീവിതത്തിലെ നാഴികക്കല്ലാണെന്ന് കിരാനപ്രോ സഹസ്ഥാപകനും സിഇഒയുമായ ദീപക് രവീന്ദ്രൻ പറഞ്ഞു. തൃശൂർക്കാരനായ ദീപക് സ്വന്തം നാട്ടിൽ സ്വദേശ് സൊല്യൂഷൻസ് എന്ന പേരിൽ തുടങ്ങിയ സ്റ്റാർട്ടപ്പിലൂടെയാണ് സംരംഭക യാത്ര ആരംഭിച്ചത്. കേവലം ബിസിനസ് സാധ്യകൾക്ക് അപ്പുറം ചെറുകിട പലവ്യഞ്ജന വ്യാപാരികളുടെ ശാക്തീകരണവും കമ്പനി ലക്ഷ്യമിടുന്നു.
Kirana Pro, a Kerala-based quick commerce startup, expands to Thrissur, delivering groceries within 10 minutes. Offers exciting discounts and aims to empower local retailers.