ഏകം (Ekam) ഇക്കോ സൊല്യൂഷൻസിൻ്റെ സീറോഡർ (Zerodor) ജലരഹിത യൂറിനൽ സാങ്കേതികവിദ്യയെ പ്രകീർത്തിച്ച് സെറോദ സഹസ്ഥാപകനും സിഇഓയുമായ നിതിൻ കമ്മത്ത്. ബെംഗളൂരുവിലെ സെറോദ ഓഫീസിലെ ശുചിമുറികളിൽ കൊണ്ടുവന്ന ബദൽ സംവിധാനം വാട്ടർ ബില്ലിൽ 50 ശതമാനം കുറവ് വരുത്തിയതായി നിതിൻ ചൂണ്ടിക്കാട്ടി.
ആറ് മാസത്തോളമായി കമ്പനിയിൽ സീറോഡർ ജലരഹിത യൂറിനൽ സാങ്കേതികവിദ്യയാണ് സെറോദ സാധാരണ ശുചിമുറികൾക്ക് ബദലായി ഉപയോഗിക്കുന്നതെന്ന് നിതിൻ പറഞ്ഞു. ശുചിമുറികളിലെ പരമ്പരാഗത ഫ്ലഷിംഗിന് പകരം വെള്ളമില്ലാതെ ഉപയോഗിക്കാൻ പ്രാപ്തമാക്കുന്ന റിട്രോഫിറ്റ് ഉപകരണത്തലൂടെയാണ് സീറോഡർ ജലസംരക്ഷണത്തിൽ വേറിട്ടു നിൽക്കുന്നത്.
സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ സീറോഡർ യൂറിനലിനെക്കുറിച്ച് നിതിൻ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ഓഫീസുകൾക്കും റെസ്റ്റോറൻ്റുകൾക്കുമെല്ലാം ഉപയോഗിക്കാവുന്ന തരത്തിലുള്ള വെള്ളം ആവശ്യമില്ലാത്ത ശുചിമുറി സംവിധാനമാണ് Ekam ഇക്കോ സൊല്യൂഷൻസിന്റേത്. ജലസംരക്ഷണ പദ്ധതികൾക്ക് ഇത്തരം സംരംഭങ്ങൾ വലിയ ഗുണം ചെയ്യും-നിതിൻ എക്സ് പ്ലാറ്റ്ഫോമിൽ പറഞ്ഞു.
പാരിസ്ഥിതിക ശുചിത്വവും സുസ്ഥിര ജീവിതവുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സ്റ്റാർട്ടപ്പാണ് ഏകം ഇക്കോ സൊല്യൂഷൻസ്. ഇന്ത്യയിലുടനീളം 45,000 യൂണിറ്റ് സീറോഡറുകൾ സ്ഥാപിച്ചതിലൂടെ 3 ബില്യൺ ലിറ്ററിലധികം വെള്ളം സംരക്ഷിക്കാൻ സാധിച്ചുവെന്ന് ഏകം പ്രതിനിധി പറഞ്ഞു.
Zerodha CEO Nithin Kamath shares how their Bengaluru office cut water bills by 50% with Zerodor, a waterless urinal retrofit by Ekam Eco Solutions, supported by Rainmatter.