ഭക്ഷണം വിലക്കുറവ് മാത്രം നോക്കി വാങ്ങുന്നവരാണോ നിങ്ങൾ. എന്നാൽ അതിനുപിന്നിലെ അപകടസാധ്യതകളെക്കുറിച്ച് ഓർത്തുകൂടി വേണം ഭക്ഷണത്തിൽ നിന്നുള്ള ‘ലാഭം’ നോക്കാൻ. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ 20 രൂപയ്ക്ക് ബിരിയാണി വിറ്റ് വൈറലായ കട ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ ഇത്തരമൊരു ചർച്ച നിറയുന്നത്.
വൃത്തിഹീനമായി ഭക്ഷണം തയ്യാറാക്കിയതിന്റെ പേരിലാണ് കടയുടെ FSSAI ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയത്. ചിക്കൻ ബിരിയാണി എന്ന പേരിൽ വിറ്റ ഭക്ഷണത്തിൽ ചിക്കൻ ഇല്ല എന്നതും ലൈസൻസ് റദ്ദാക്കാൻ കാരണമായത്രെ! 20 രൂപയ്ക്ക് വിളമ്പുന്ന ബിരിയാണിയുടെ ഗുണനിലവാരം പരിശോധിക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി.
ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ അന്വേഷണത്തിൽ പൂച്ചകളും നായ്ക്കളും അലഞ്ഞുതിരിയുന്ന അടുക്കളയിൽ വൃത്തിഹീനമായാണ് ഭക്ഷണം പാകം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് താൽക്കാലികമായി ലൈസൻസ് റദ്ദാക്കിയത്.
ചിക്കൻ കഷ്ണങ്ങൾക്കു പകരം ചതച്ച ചിക്കനാണ് ചേർക്കുന്നതെന്നും സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലുകൾ സൂക്ഷിച്ചിട്ടില്ലെന്നും കണ്ടെത്തി. കൂടുതൽ പരിശോധനകൾക്കായി ഭക്ഷണ സാമ്പിളുകൾ ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്. ഈ ലാബ് ഫലത്തിന്റെ അടിസ്ഥാനത്തിൽ വേണ്ടിവന്നാൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ പറഞ്ഞു.
Tamil Nadu Food Safety Department cancels Mariyappan Restaurant’s license in Thoothukudi over hygiene concerns after its ₹20 biryani went viral.