ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ മേഖലകളിലെ സ്തുത്യർഹമായ സേവനം നിർവഹിച്ചവർക്കാണ് ഭാരതരത്നം ബഹുമതി നൽകുന്നത്. 2011 മുതൽ “മനുഷ്യ പ്രയത്നത്തിൻ്റെ ഏതെങ്കിലും മേഖല” കൂടി ഭാരതരത്നയ്ക്കായി പരിഗണിച്ചുപോരുന്നു. മുൻ പ്രധാനമന്ത്രിമാരായ ചരൺ സിങ്, പി.വി. നരസിംഹ റാവു, മുൻ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി, ബിഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂർ, ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ എന്നിവർക്കാണ് 2024ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചത്.
ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് ഭാരതരത്‌നം ലഭിക്കുന്ന വ്യക്തിക്ക് രാഷ്ട്രപതി ഒപ്പിട്ട സർട്ടിഫിക്കറ്റും മെഡലും നൽകിയാണ് ആദരിക്കുക. ആലിലയുടെ ആകൃതിയിലാണ് ഭാരതരത്‌നത്തിന്റെ മെഡൽ തീർത്തിരിക്കുന്നത്. മെഡൽ നിർമിച്ചിരിക്കുന്നത് സ്വർണത്തിലോ വെള്ളിയിലോ ആണ് എന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ വെങ്കലം, പ്ലാറ്റിനം എന്നീ ലോഹങ്ങളാണ് മെഡൽ നിർമാണത്തിനും ആലേഖനത്തിനും ഉപയോഗിച്ചിരിക്കുന്നത്. മെഡലിന്റെ മുൻവശത്ത് സൂര്യരൂപവും അതിനു താഴെ ദേവനാഗരി ലിപിയിൽ”ഭാരതരത്ന” എന്ന് എഴുതിയിട്ടുമുണ്ട്. പുറകുവശത്ത് ദേശീയചിഹ്നമായ സിംഹമുദ്രയും അതിനു താഴെയായി സത്യമേവ ജയതേ എന്നും ആലേഖനം ചെയ്തിരിക്കുന്നു. പ്രശസ്ത കലാകാരനും പത്മവിഭൂഷൺ ജേതാവുമായ നന്ദലാൽ ബോസാണ് മെഡൽ രൂപകൽപന ചെയ്തത്.
The Bharat Ratna is India’s highest civilian award, honoring individuals for exceptional service in various fields. Learn about its history, recipients, and significance.