വർധിച്ചുവരുന്ന ഗതാഗത ആവശ്യകത പരിഗണിച്ച് ബസ് ഓൺ ഡിമാൻഡ് സേവനം കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഊദ് മേത്ത, ബർഷ ഹൈറ്റ്സ് ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങളിലേക്കാണ് ആർടിഎ ബസ് ഓൺ ഡിമാൻഡ് സേവനം വ്യാപിപ്പിച്ചത്. തിരക്കേറിയ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് സഹായിക്കുന്ന രീതിയിലാണ് സർവീസ് വിപൂലീകരിച്ചിരിക്കുന്നത്.

സ്മാർട്ട് സംവിധാനത്തിലൂടെയാണ് ബസ് ഓൺ ഡിമാൻഡ് പ്രവർത്തനം. കുറഞ്ഞ ചിലവിൽ യാത്ര സാധ്യമാക്കുന്ന ബസ് ഓൺ ഡിമാൻഡ് സർവീസിന് ഒരാൾക്ക് ഒരു യാത്രയ്ക്ക് 5 ദിർഹമാണ് നിരക്ക്. സ്മാർട്ട് ആപ്പിലൂടെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മിനി പബ്ലിക് ബസുകൾ ഉപയോഗിച്ചാണ് ബസ് ഓൺ ഡിമാൻഡ് സേവനം. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ ദുബായ് ബസ് ഓൺ ഡിമാൻഡ് ആപ്പ് ലഭ്യമാണ്. നിയുക്ത സോണുകളിൽ നിർദ്ദിഷ്ട റൂട്ടുകൾ പിന്തുടരുന്ന 13 സീറ്റർ ബസുകളാണ് ഉള്ളത്. സൗകര്യപ്രദമായ പിക്ക്-അപ്പ് പോയിന്റുകൾ ക്രമീകരിക്കുന്നതിന് ഡ്രൈവർമാർക്ക് ആപ്പ് വഴി യാത്രക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും സാധിക്കും.

നിലവിൽ സർവീസ് നിരവധി തിരക്കേറിയ പ്രദേശങ്ങളിൽ ലഭ്യമാണ്. കൂടുതൽ പ്രധാനപ്പെട്ട ഇടങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിലൂടെ സാധാരണക്കാർക്ക് ദൈനംദിന യാത്രയ്ക്ക് സൗകര്യപ്രദവും താങ്ങാനാവുന്നതുമായ പരിഹാരം ഒരുക്കുകയാണ് ആർടിഎ. ബസ് ഓൺ ഡിമാൻഡ് സേവനം അൽ ബർഷ, ദുബായ് സിലിക്കൺ ഒയാസിസ്, അൽ നഹ്ദ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഇതിനകം ലഭ്യമാക്കുന്നതായും കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ബിസിനസ് ബേയിലേക്കും 2024 അവസാനത്തോടെ ഡൗൺടൗൺ ദുബായിലേക്കും വ്യാപിപ്പിച്ചുവെന്നും ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി പ്ലാനിങ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്‌ടർ ആദെൽ ഷക്‌രി പറഞ്ഞു.
Dubai’s RTA has expanded its bus-on-demand service to 10 major locations, including Oud Metha and Barsha Heights, offering flexible, affordable, and smart mobility solutions for commuters.