ജീവിതത്തിൽ എന്നപോലെ സിനിമയിലും ഉയർതാഴ്ച്ചകൾ സാധാരണാണ്. ആ ഉയർച്ചതാഴ്ച്ചകളുടെ അങ്ങേയറ്റം കണ്ട നടനാണ് മിർസ അബ്ബാസ് അലി എന്ന അബ്ബാസ്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ റൊമാന്റിക് ഹീറോ ആയിരുന്ന അബ്ബാസ് എന്നാൽ പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും പൊടുന്നനെ മറഞ്ഞു.

1975 മെയ് 21ന് പശ്ചിമ ബംഗാളിലാണ് അബ്ബാസ് ജനിച്ചത്. മകനെ മെക്കാനിക്കൽ എഞ്ചിനീയറാകണമെന്നാണ് അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചത്. എന്നാൽ അബ്ബാസ് എത്തിപ്പെട്ടതാകട്ടെ ഗ്ലാമർ ലോകത്തും. 1995ൽ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച അബ്ബാസ് പിറ്റേ വർഷം തന്നെ സിനിമയിലേക്കും ചുവടുവെച്ചു. കാതൽ കൊണ്ടേൻ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 20 വർഷത്തോളം നീണ്ട കരിയറിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഐശ്വര്യ റായ്, താബു തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം അബ്ബാസ് അഭിനയിച്ചു. എന്നാൽ സിനിമയിൽ നിന്നും വലിയ സമ്പാദ്യമൊന്നും അദ്ദേഹത്തിന് നേടാനായില്ല, അഥവാ നേടിയ സമ്പാദ്യങ്ങൾ ഒന്നും നിലനിർത്താൻ അദ്ദേഹത്തിനു സാധിച്ചില്ല.
നിലവിൽ കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലാണ് താരം കഴിയുന്നത്. 2000ത്തിൽ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ എന്ന ചിത്രമടക്കം തുടർച്ചയായി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ അദ്ദേഹത്തിനു സാധിച്ചു. എന്നാൽ പിന്നീട് തുടർച്ചയായി ചിത്രങ്ങൾ പരാജയപ്പെട്ടു തുടങ്ങി. സിനിമകൾ പരാജയപ്പെട്ടു തുടങ്ങിയതോടെ താരം വലിയ സാമ്പത്തിക പ്രതിസന്ധിയിലുമായി. അങ്ങനെയാണ് ന്യൂസിലാൻഡിലേക്ക് പോകാൻ അബ്ബാസ് തീരുമാനിച്ചത്. സിനിമാജീവിതം അവസാനിച്ചതിനു ശേഷം ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ടോയ്ലറ്റ് ക്ലീനർ, ടാക്സി ഡ്രൈവർ, മെക്കാനിക്ക് തുടങ്ങിയ ജോലികൾ അദ്ദേഹം ചെയ്തതായി ടൈംസ് എന്റർടെയ്ൻമെൻ്റ് റിപ്പോർട്ട് ചെയ്യുന്നു.
