മിക്കവാറും എല്ലാ വീടുകളിലും കാണപ്പെടുന്ന ഒരു സാധനമാണ് നെയിൽ കട്ടർ അഥവാ നഖംവെട്ടി. ഏതൊരു ചെറിയ വസ്തുക്കളേയും പോലെത്തന്നെ ഈ വസ്തുവിലേയും അവഗണിക്കപ്പെട്ട ഒരു ഭാഗമുണ്ട്. അതാണ് നെയിൽ കട്ടറിലെ ചെറിയ ദ്വാരം. മിക്ക നെയിൽ കട്ടറുകളിലും അറ്റത്തായി ചെറിയ ദ്വാരം കാണാം. എല്ലാ നെയിൽ കട്ടറുകളിലും ഇങ്ങനെ ദ്വാരം ഉണ്ടാകാൻ ഇടയില്ല എന്നതുകൊണ്ടാണ് മിക്ക എന്ന് പറഞ്ഞത്. എന്തായാലും ദ്വാരം കാണാം. ഇതെന്തിനാണ് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചിട്ട് വല്ല കാര്യവുമുണ്ടോ? കാര്യമുണ്ടെങ്കിലും ഇല്ലെങ്കിലും നെയിൽ കട്ടറിലെ ചെറിയ ദ്വാരം എന്തിനെന്ന് നോക്കാം.
നെയിൽ കട്ടർ കൊണ്ടുപോകുന്നത് അഥവാ പോർട്ടബിലിറ്റി എളുപ്പമാക്കാൻ ഈ ദ്വാരം ഉപയോഗിക്കാം. നിങ്ങൾക്കൊരു അപ്രതീക്ഷിത മീറ്റിങ് ഉണ്ടാകുന്നു. നിങ്ങളുടെ നഖമാണെങ്കിൽ ഗുഹാമനുഷ്യരെ പോലെ നീണ്ടിരിക്കുന്നു. എന്തു ചെയ്യും. പോർട്ടബിൾ ആയി ഒരു നെയിൽ കട്ടർ ഉള്ളതിന്റെ ഗുണം അപ്പോൾ മനസ്സിലാകും. അതുകൊണ്ട് കൊണ്ടു നടക്കാൻ എളുപ്പത്തിനാണ് ഈ ദ്വാരം. എങ്ങനെ കൊണ്ടു നടക്കും എന്നതാണ് അടുത്ത ചോദ്യം.

ആ ചോദ്യത്തിന്റെ ഉത്തരമാണ് അറ്റാച്ച്മെന്റ്. ശ്രദ്ധിക്കുക, ഇവിടെ അറ്റാച്ച്മെന്റ് എന്നത് കൊണ്ട് അടുപ്പം എന്നല്ല ഉദ്ദേശിക്കുന്നത്, മറിച്ച് മറ്റൊന്നാണ്. നിങ്ങൾക്ക് എല്ലാവരുടേയും പോലെ ഒരു കീച്ചെയിൻ ഉണ്ടാകും. എല്ലാവരുടേയും പോലും ചെറു ദ്വാരമുള്ള നെയിൽ കട്ടറും ഉണ്ടാകും. നെയിൽ കട്ടർ എടുക്കുക, കീ റിംഗ് അറ്റാച്ച്മെന്റ് വഴി കീച്ചെയിൻ ദ്വാരം വഴി ഘടിപ്പിക്കുക. അടിപൊളി! ഇതിലൂടെ നെയിൽ കട്ടറിന്റെ പോർട്ടബിലിറ്റി എന്ന മഹത് ധർമവും നിങ്ങൾക്ക് പൂർത്തീകരിക്കാവുന്നതാണ്.
ചില നെയിൽ കട്ടർ വിദഗ്ധർ ഈ ദ്വാരത്തിന് സൗന്ദര്യാത്മക ആകർഷണം അഥവാ ഈസ്തറ്റിക് അപ്പീൽ കൂടി കൽപിച്ചു കാണാറുണ്ട്. പക്ഷേ അതിനെക്കുറിച്ച് അധികം വർണനകൾ സാധ്യമല്ല എന്നുള്ളത് കൊണ്ടും അതൊരു പ്രകടമായ ഉപയോഗം അല്ല എന്നതുകൊണ്ടും നെയിൽ കട്ടറിലെ ചെറിയ ദ്വാരം കൊണ്ടുള്ള പ്രധാന ഉപയോഗങ്ങൾ പോർട്ടബിലിറ്റി, അറ്റാച്മെന്റ് എന്നിങ്ങനെ രണ്ടെണ്ണമാണ് എന്ന് തീരുമാനത്തിലെത്താം.
