ടൊയോട്ടയുടെ ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ് ഇന്നോവ. ഇന്ത്യയിൽ മാത്രം ക്രിസ്റ്റ, ഹൈക്രോസ് എന്നീ രണ്ടു പതിപ്പുകളാണ് ഇന്നോവയ്ക്ക് ഉള്ളത്. ഇന്നോവ ക്രിസ്റ്റയുടെ പ്രവർത്തനം ഐസിഇയിലും ഇന്നോവ ഹൈക്രോസ് ഹൈബ്രിഡ് എഞ്ചിനോടെയുമാണ് എത്തുന്നത്. മാസങ്ങൾക്കു മുൻപ് ടൊയോട്ട തങ്ങളുടെ ഇലക്ട്രിക് ഇന്നോവ എംപിവിയുടെ കൺസെപ്റ്റ് രൂപം അനാവരണം ചെയ്തിരുന്നു. ഇന്തോനേഷ്യ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ആയിരുന്നു വാഹനത്തിൻറെ അവതരണം.
ഇന്നോവ ഡീസലിനെ അടിസ്ഥാനപ്പെടുത്തി വികസിപ്പിച്ച ഇലക്ട്രിക് വാഹനം അകത്തും പുറത്തും ചെറിയ മാറ്റങ്ങളോടെയാണ് ഇലക്ട്രിക് ഇന്നോവയായി പ്രദർശിപ്പിച്ചത്. നിലവിൽ വിപണിയിലുള്ള ഇന്നോവ ക്രിസ്റ്റയുടെ ഗ്രില്ലിന് പകരം ഇലക്ട്രിക് വാഹനങ്ങളുടേതുപോലെ മൂടിയ മുൻവശം നൽകിയിരിക്കുന്നതും എൽഇഡി ഡേടൈം റണ്ണിങ്ലാംപും ആണ് പുറംവശത്തെ പ്രധാന മാറ്റം. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലെയോടു കൂടിയ അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, വയർലെസ് ചാർജർ, ക്യാപ്റ്റൻ സീറ്റുകൾ തുടങ്ങിയവയാണ് ഇൻ്റീരിയർ സവിശേഷതകൾ.

59.3 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയുള്ള വാഹനത്തിന്റെ ബാറ്ററികൾ എൻജിൻ ബേയിലും ഫ്ലോറിലുമായിട്ടാണ് ഉള്ളത്. ടൈപ് 2 എസി, സിസിഎസ്–2 ഡിസി ചാർജറുകൾ സപ്പോർട്ട് ചെയ്യുന്ന വാഹനത്തിന്റെ മോട്ടോർ 180 bhp കരുത്തും 700 Nm ടോർക്കും ഉള്ളതാണ് എന്നാണ് അനൗദ്യോഗിക വിവരം. കൺസെപ്റ്റ് മോഡൽ നിലവിൽ ദീർഘകാല പരീക്ഷണത്തിലാണ്. ടൊയോട്ടയുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹന വികസനത്തിന്റെയും ഭാഗമായ വാഹനത്തിന്റെ കൃത്യമായ ലോഞ്ച് തീയതി ടൊയോട്ട പ്രഖ്യാപിച്ചിട്ടില്ല.
The Toyota Innova Crysta continues to lead India’s MPV market, offering unmatched comfort, spacious interiors, and reliable performance for families and fleet operators.