ജെ.വി വെഞ്ച്വേഴ്സ് ബയോ മാനുഫായ്ചറിംഗ് മേഖലയില്‍ 3800 കോടി രൂപ നിക്ഷേപിക്കുന്ന പദ്ധതി മുതൽ ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ 300 കോടിയുടെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റ് ആന്‍റ് ഹോസ്പിറ്റല്‍ വരെ ഐ.കെ.ജി.എസ് നിക്ഷേപ പദ്ധതികള്‍ കേരളത്തിൽ ഉടൻ യാഥാർഥ്യമാകും. ഇതിൽ 1211 കോടിയുടെ 4 പദ്ധതികള്‍ക്ക് തുടക്കമായി. 2675 കോടിയുടെ 8 പദ്ധതികള്‍ക്ക് മെയ് മാസം തന്നെ തറക്കല്ലിടും.
സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ താല്‍പര്യപത്രം ഒപ്പുവച്ച നിക്ഷേപ പദ്ധതികള്‍ക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. 1211 കോടി രൂപയുടെ 4 നിക്ഷേപ പദ്ധതികള്‍ക്കാണ് തുടക്കമായത്. തോന്നക്കല്‍ കിന്‍ഫ്ര പാര്‍ക്ക് ഈ മാസവും യൂണിറ്റി മാള്‍ നവംബറിലും ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

ജോയ് ആലുക്കാസ് ഗ്രൂപ്പിന്‍റെ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്‍റ് ആന്‍റ് ഹോസ്പിറ്റല്‍ (300 കോടി), പോസിറ്റീവ് ചിപ്പ് ബോര്‍ഡ്സ് (51 കോടി), എം. എസ് വുഡ് അലയന്‍സ് പാര്‍ക്ക് (60 കോടി), ഡൈനിമേറ്റഡ് (800 കോടി) എന്നീ 4 പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചത്. കല്യാണ്‍ സില്‍ക്സ്, അത്താച്ചി, സതര്‍ലാന്‍റ്, ഗാഷ സ്റ്റീല്‍സ്, കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്, ഡെല്‍റ്റ അഗ്രഗേറ്റ്സ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, ഇന്ദ്രപ്രസ്ഥ, ജിയോജിത് എന്നിവര്‍ താല്‍പര്യപത്രം ഒപ്പു വച്ച 2675 കോടി രൂപയുടെ 8 പദ്ധതികള്‍ മെയ് മാസത്തില്‍ തന്നെ ആരംഭിക്കും. ജൂണില്‍ 1117 കോടി രൂപയുടെ പദ്ധതികള്‍ക്കും തുടക്കമാകും. ബ്ലൂസ്റ്റാര്‍, അവിഗ്ന, എയര്‍പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍, കെ ബോര്‍ഡ് റബ്ബര്‍, കൃഷ്ണ കല മെഡിക്കല്‍ സയന്‍സസ് എന്നിവരുടെ പദ്ധതികളാണ് ജൂണില്‍ ആരംഭിക്കുന്നത്.
ലൈഫ് സയന്‍സ് പാര്‍ക്കിലെ 60 ഏക്കറില്‍ ജിനോം സിറ്റി മാതൃകയില്‍ ജെ.വി വെഞ്ച്വേഴ്സ് 3800 കോടി രൂപ ബയോ മാനുഫായ്ചറിംഗ് മേഖലയില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ഉടനെ ആരംഭിക്കും.
ഇതിന് പുറമേ ബ്ലൂസ്റ്റാര്‍ റിയാല്‍ട്ടേഴ്സ്, അല്‍ഹിന്ദ്, എയര്‍ പോര്‍ട്ട് ഗോള്‍ഫ് വ്യൂ ഹോട്ടല്‍സ്, എസ്. എഫ്. ഒ ടെക്നോളജീസ്, കന്യോ ഹെല്‍ത്ത്, അക്കോസ, ബി.എം.എച്ച് കെയര്‍ ഹോസ്പിറ്റല്‍, കൃഷ്ണകല ഹോസ്പിറ്റല്‍, ഫ്യൂച്ചറിസ് ബൊത്തിക് ഹോസ്പിറ്റല്‍ തുടങ്ങിയവര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വരും മാസങ്ങളില്‍ തുടങ്ങും. പ്രധാന പദ്ധതികളുടെ നിര്‍മ്മാണ പുരോഗതി വ്യവസായ മന്ത്രി നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തും.
ഐ.കെ.ജി.എസില്‍ പ്രഖ്യാപിച്ച പദ്ധതികളുമായി ബന്ധപ്പെട്ട് നയപരമായി എടുക്കേണ്ട തീരൂമാനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ജൂണില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗംചേരും. നിക്ഷേപ താല്‍പര്യപത്രങ്ങളുടെ തത്സമയ ട്രാക്കിംഗിനായി വെബ്പോര്‍ട്ടല്‍ രൂപകല്‍പന ചെയ്ത് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. നിക്ഷേപകരുടെ പ്രശ്നങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് 5 ഘട്ടങ്ങളുള്ള എസ്കലേഷന്‍ പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്.
ഇതുവരെ 450 ലധികം കമ്പനികളില്‍ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. 4.80 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയാണ് നിര്‍ദ്ദേശങ്ങളിലുള്ളത്. ഐ.ടി.- ഐ.ടി അനുബന്ധ മേഖലകളിലായി 29 കമ്പനികള്‍ 9,300 കോടി രൂപയുടെ നിക്ഷേപ താല്‍പര്യം അറിയിച്ചിട്ടുണ്ട്.
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലെ നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉപദേശക സമിതി രൂപീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉന്നതതല ഉപദേശക സമിതിക്ക് രൂപം നല്‍കി. നിക്ഷേപ വാഗ്ദാനങ്ങളുടെ വലിപ്പവും മേഖലകളുടെ വൈവിധ്യവും സാമ്പത്തിക പ്രാധാന്യവും വിലയിരുത്തി ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയാണ് ഉപദേശക സമിതിയുടെ ലക്‌ഷ്യം.
നിക്ഷേപ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ എല്ലാ സഹായവും നല്‍കുക, ചുവപ്പുനാടയില്‍ കുടുങ്ങാതെ ആവശ്യമായ അനുമതികള്‍ ലഭ്യമാക്കുക, കാലതാമസം ഇല്ലാതെ പദ്ധതി നിശ്ചിത സമയപരിധിക്കുള്ളില്‍ യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് സമിതിയുടെ ചുമതല. വ്യവസായ മന്ത്രി പി രാജീവാണ് സമിതി അധ്യക്ഷന്‍. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വൈസ് ചെയര്‍മാനും കെഎസ്ഐഡിസി മാനേജിങ്ങ് ഡയറക്ടര്‍ കണ്‍വീനറുമാണ്. സമിതിയിലെ മറ്റ് അംഗങ്ങള്‍: ചെയര്‍മാന്‍, സിഐഐ – കേരളം, ചെയര്‍മാന്‍, ഫിക്കി – കേരളം, ചെയര്‍മാന്‍, കെഎസ്എസ്ഐഎ – കേരളം, സി ബാലഗോപാല്‍ , കെഎസ്ഐഡിസി ചെയര്‍മാന്‍, അജു ജേക്കബ്, എം ഡി – സിന്തൈറ്റ് ആന്‍ഡ് കെഎസ്ഐഡിസി ബോര്‍ഡ് മെമ്പര്‍, സി ജെ ജോര്‍ജ്, സി എം ഡി ജിയോജിത്ത് ആന്‍ഡ് കെഎസ്ഐഡിസി ബോര്‍ഡ് മെമ്പര്‍, വി കെ മാത്യൂസ്, ചെയര്‍മാന്‍ ഐബിഎസ് ആന്‍ഡ് കെഎസ്ഐഡിസി ബോര്‍ഡ് മെമ്പര്‍, വ്യാപാര-വ്യവസായ ഡയറക്ട്രേറ്റ് ഡയറക്ടര്‍, കിന്‍ഫ്ര മാനേജിങ്ങ് ഡയറക്ടര്‍. എന്നിവരാണ്.
ഉപദേശക സമിതി കൃത്യമായ ഇടവേളകളില്‍ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തും. പദ്ധതി നിര്‍വ്വഹണത്തിന്‍റെ എല്ലാ ഘട്ടങ്ങളും സമിതി നിരീക്ഷിക്കുകയും വിവിധ വകുപ്പുകള്‍ക്കിടയിലുള്ളതും ഏജന്‍സികള്‍ക്കിടയിലുള്ളതുമായ സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും. പദ്ധതിയുടെ പ്രാധാന്യവും നടപ്പിലാക്കുന്നതിലെ തടസങ്ങളും കണക്കിലെടുത്ത് ബന്ധപ്പെട്ട വകുപ്പിലെ സെക്രട്ടറിയേയും ആവശ്യമെങ്കില്‍ മറ്റ് മേഖലകളില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കളെയും സമിതില്‍ ഉള്‍പ്പെടുത്തുവാനാണ് തീരുമാനം.
Kerala is moving forward with ₹1.96 lakh crore in investment projects from the Invest Kerala Global Summit (IGKS), aiming to create 4.8 lakh jobs. Key projects like JV Ventures’ ₹3,800 crore bio-manufacturing and Joyalukkas Group’s ₹300 crore residential/hospital ventures are set to begin, with a new advisory committee formed to ensure timely execution.