തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല എന്നതാണ് ഇൻഫ്ലുവൻസർമാരെക്കുറിച്ച് പൊതുവേയുള്ള പറച്ചിൽ. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന പോലെ ക്യാമറ ഉള്ളവരെല്ലാം ഇൻഫ്ലുവൻസർമാരായി മാറിക്കൊണ്ടിരിക്കുന്ന പ്രത്യേക അവസ്ഥയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഇതിനിടയിൽ എഐ മാത്രം എന്തിന് കൈയ്യും കെട്ടി നോക്കി നിൽക്കണം! അതുകൊണ്ട് ഇന്ത്യയിലെ ആദ്യ എഐ ട്രാവൽ ഇൻഫ്ലുവൻസറെത്തന്നെ അങ്ങോട്ടിറക്കിയിരിക്കുകയാണ് ഇപ്പോൾ ഒരു മീഡിയ കമ്പനി-പേര് രാധിക സുബ്രഹ്മണ്യം. പെൺകുട്ടിയല്ല, എഐ കുട്ടിയാണ്.
കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്വർക്ക് എന്ന മീഡിയ കമ്പനിയാണ് രാധിക സുബ്രഹ്മണ്യം എന്ന എഐ ട്രാവൽ ഇൻഫ്ലുവൻസർക്കു പിന്നിൽ. യാത്രകൾ ചെയ്ത് അത് ഫോളോവേർസിലേക്ക് എത്തിക്കുന്ന നിരവധി ട്രാവൽ ഇൻഫ്ലുവൻസർമാർ ഉണ്ടെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് രാധിക. വിർച്ച്വൽ പേർസണാലിറ്റി എന്ന നിലയ്ക്കാണ് രാധികയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജനറേറ്റീവ് ഡിസൈൻ, മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ എഐ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ-ജനറേറ്റഡ് വ്യക്തിത്വമാണ് രാധികയുടേത്. 2025 മെയ് മാസം മുതലാണ് ഇന്ത്യയിലെ ആദ്യ എഐ ട്രാവൽ ഇൻഫ്ലുവൻസർ എന്ന അവകാശവാദവുമായി ഇൻസ്റ്റാഗ്രാമിൽ രാധിക പ്രത്യക്ഷപ്പെട്ടത്. രാധികയുടെ പേജിന് ഇപ്പോൾത്തന്നെ 2700ലധികം ഫോളോവേഴ്സുണ്ട്.

പാസ്പോർട്ട് വേണ്ടാത്ത, ലീവ് എടുക്കാത്ത ട്രാവൽ ഇൻഫ്ലുവൻസർ എന്നാണ് കമ്പനി രാധികയെ വിശേഷിപ്പിക്കുന്നത്. തമിഴും ഇംഗ്ലീഷും സംസാരിക്കാൻ രാധികയ്ക്കാകും. സാംസ്കാരിക പാരമ്പര്യവും സ്ഥലചരിത്രവുമെല്ലാം ചേർന്ന് ട്രാവൽ വ്ലോഗിങ്ങിലെ വേറിട്ട അനുഭവമാണ് രാധികയിലൂടെ സാധ്യമാകുക എന്ന് കമ്പനി പറയുന്നു.
Meet Radhika Subramaniam, India’s first AI travel influencer from Collective Artists Network. Designed for Gen Z, she’s a bilingual virtual personality sharing stories of India’s cultures and destinations.