ആപ്പിൾ ഐഫോണുകളുടെ ഏറ്റവും വലിയ കരാർ നിർമാണ കമ്പനിയായ ഫോക്സ്കോൺ (Foxconn) ഇന്ത്യയിലെ പ്രൊഡക്ഷൻ ഫെസിലിറ്റികളിൽ നിന്ന് 300ലധികം ചൈനീസ് എഞ്ചിനീയർമാരെയും സാങ്കേതിക വിദഗ്ധരെയും തിരിച്ചുവിളിച്ചതായി റിപ്പോർട്ട്. ഐഫോൺ 17 നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ ആപ്പിൾ വേഗത്തിലാക്കുന്നതിനിടെയുള്ള ഈ നീക്കം പ്രവർത്തന തടസ്സങ്ങൾ സൃഷ്ടിക്കുമെന്ന് ആഗോള വാർത്താ ഏജൻസിയായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

പ്രൊഡക്ഷൻ ലൈൻ സെറ്റപ്പ്, സാങ്കേതിക മേൽനോട്ടം എന്നിവയ്ക്ക് നിർണായകമാണ് ഫോക്സ്കോണിലെ ചൈനീസ് ജീവനക്കാർ. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലാണ് ഇവരെ പെട്ടെന്ന് പിൻവലിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300ലധികം ചൈനീസ് ജീവനക്കാർ ഫോക്സ്കോണിന്റെ ഇന്ത്യൻ ഐഫോൺ അസംബ്ലി പ്ലാന്റുകൾ വിട്ടുപോയതായി റിപ്പോർട്ടിൽ പറയുന്നു. കൂട്ടത്തോടെയുള്ള പിരിഞ്ഞുപോകൽ ദക്ഷിണേന്ത്യയിലെ ഫോക്സ്കോൺ സൗകര്യങ്ങളെ ബാധിച്ചിരിക്കുകയാണ്. നിലവിൽ തായ്വാനീസ് സപ്പോർട്ട് ഉദ്യോഗസ്ഥർ മാത്രമാണ് ഫോക്സ്കോണിൽ അവശേഷിക്കുന്നത്.
അതേസമയം, എന്തുകൊണ്ടാണ് ചൈനീസ് ജീവനക്കാരെ തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഈ വർഷം ആദ്യം, ഇന്ത്യയിലേക്കും സൗത്ത് ഈസ്റ്റ് ഏഷ്യയിലേക്കുമുള്ള സാങ്കേതിക കൈമാറ്റങ്ങളും ഉപകരണ കയറ്റുമതിയും തടയാൻ ചൈന റെഗുലേറ്ററി ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നതായി ബ്ലൂംബെർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനികൾ ചൈനയിൽ നിന്ന് ഉൽപ്പാദനം മാറ്റുന്നതിനെ നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
Foxconn has recalled over 300 Chinese engineers from its Indian iPhone plants, potentially delaying Apple’s iPhone 17 production and its strategy to shift manufacturing away from China amidst rising geopolitical tensions.