കെ എസ് ആർ ടി സി യിൽ യാത്ര ചെയ്യുന്നവർ ഇനി പഴയതു പോലെ കൈയിൽ ചില്ലറ കരുതേണ്ട, ചില്ലറക്കായി കണ്ടക്ടറുടെ പിന്നാലെ കെഞ്ചുകയും വേണ്ട. മാസങ്ങൾക്കു മുമ്പ് തന്നെ കെ എസ് ആർ ടി സി പരിഹാരം കാണാൻ ശ്രമിച്ച ഈ ജനകീയ വിഷയത്തെ ഏറ്റെടുത്ത് പൊതു സമൂഹം. യാത്രകള്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങള്‍ ഒഴിവാക്കാനും കെ എസ് ആർ ടി സിയുടെ നൂതന സംവിധാനമായ ട്രാവല്‍ കാർഡ് ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ സ്വന്തമാക്കിയത് ഒരു ലക്ഷത്തിലേറെ പേർ. നിരവധി പേരാണ് ഇപ്പോൾ ട്രാവൽ കാർഡെന്ന ആവശ്യവുമായെത്തുന്നത്. കെ എസ് ആർ ടി സിയുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗണ്‍ലോഡ് ചെയ്തത്. കാർഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാല്‍ അഞ്ച് ലക്ഷത്തോളം ട്രാവല്‍ കാർഡുകളാണ് കെ എസ് ആർ ടി സി ഉടൻ എത്തിക്കുന്നത്.
രണ്ടാഴ്ച മുമ്പ് ഗതാഗത മന്ത്രി പ്രഖ്യാപിച്ച സ്മാർട്ട് ഓണ്‍ലൈൻ കണ്‍സഷൻ കാർഡിന് 73281 വിദ്യാർത്ഥികളും അപേക്ഷിച്ചിട്ടുണ്ട്. ട്രാവല്‍ കാർഡ് പോലെ സ്മാർട്ട് കാർഡു രൂപത്തില്‍ വിദ്യാർത്ഥികളുടെ കൈകളില്‍ ലഭ്യമാക്കുന്നതിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അധികൃതർ.

പണം കൈവശമില്ലാത്തപ്പോഴും ട്രാവല്‍ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നത് യാത്രികർക്ക് ആശ്വാസമാണ്. 100 രൂപയാണ് ചാർജ്. ബസ്സിലെ കണ്ടക്ടറിൽ നിന്നും, കെ എസ് ആർ ടി സി ബസ് സ്റ്റാന്റുകളിലെ ഓഫീസുകളിൽ നിന്നും കാർഡ് ലഭിക്കും. കാർഡ് ലഭിച്ച ശേഷം റീചാർജ് ചെയ്ത് ഉപയോഗിക്കാം. കണ്ടക്ടറുടെ ടിക്കറ്റിങ് മെഷിനിൽ ഗൂഗിൾ പേ വഴിയോ, നേരിട്ട് പണം നൽകിയോ റീചാർജ് ചെയ്‌യാം. ഒരു വർഷമാണ് ഒരു കാർഡിന്‍റെ കാലാവധി. കാർഡ് മറ്റൊരാള്‍ക്ക് കൈമാറുന്നതിനും തടസമില്ല. കെ എസ് ആർ ടി സി യാത്രാ സൗകര്യങ്ങൾ ഉപയോഗിക്കുന്ന വീട്ടിലുള്ള മറ്റുള്ളവർക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം.
കാർഡ് പ്രവർത്തിക്കാതെയായാല്‍ തൊട്ടടുത്ത കെ എസ് ആർ ടി സി സ്റ്റാൻഡിലെത്തി അപേക്ഷ നല്‍കിയാല്‍ മതി.അഞ്ച് ദിവസത്തില്‍ പുതിയ കാർഡ് ലഭിക്കും. പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയതില്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ കാർഡിന് കേടുപാട് സംഭവിച്ചാല്‍ പകരം കാർഡ് ലഭിക്കില്ല.
കുറഞ്ഞത് 50 രൂപയ്ക്കും പരമാവധി 3000 രൂപയ്ക്കും കാർഡ് ചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താല്‍ 40 രൂപയും, 2000 രൂപ ചാർജ് ചെയ്താല്‍ 100 രൂപയും അധികമായി കാർഡില്‍ ക്രെഡിറ്റ് ആകും. ഇത് യാത്രക്കാർക്ക് കൂടുതല്‍ ലാഭകരമാണ്.
വിദ്യാർത്ഥികള്‍ക്കുള്ള കാർഡുകളില്‍ റൂട്ട് വിവരങ്ങളും യാത്രാ ദിവസങ്ങളുടെ എണ്ണവും രേഖപ്പെടുത്താൻ സാധിക്കും. കണ്ടക്ടർമാർക്ക് ടിക്കറ്റിംഗ് മെഷീനില്‍ കാർഡ് സ്‌കാൻ ചെയ്ത് പരിശോധിക്കാം. ഒന്നാം ക്ലാസ് മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാർത്ഥികള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്.
ഈ കാർഡ് ഉപയോഗിച്ച് വിദ്യാർത്ഥികള്‍ക്ക് ഒരു മാസത്തില്‍ 25 ദിവസങ്ങള്‍ നിർദിഷ്ട റൂട്ടുകളിലും ഒന്നിലധികം റൂട്ടുകളിലുമായി യാത്ര ചെയ്യാൻ സാധിക്കും.കാലാവധി കഴിഞ്ഞാല്‍ കാർഡ് കണ്ടക്ടറുടെ കൈവശം ഏല്‍പ്പിച്ച് പുതുക്കാം. പ്ലസ് വണ്‍ വിദ്യാർത്ഥികള്‍ക്ക് രണ്ട് വർഷത്തേക്കുള്ള കാർഡിനാണ് അർഹത. www.concessionksrtc.com എന്ന വെബ്സൈറ്റ് മുഖേനയും കെ എസ് ആർടിസി കണ്‍സഷൻ മൊബൈല്‍ ആപ്ലിക്കേഷൻ ഉപയോഗിച്ചും വിദ്യാർത്ഥികള്‍ക്ക് അപേക്ഷിക്കാനും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാനും ആനുപാതികമായ തുക ഓണ്‍ലൈൻ വഴി അടയ്ക്കാനും സാധിക്കും.
KSRTC’s new travel card and smart concession cards are transforming bus travel in Kerala, offering cashless convenience and easy recharges.