പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള കൂടിക്കാഴ്ചയിൽ നിർണായക പ്രഖ്യാപനം. ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയതായും കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അതിർത്തി വിഷയം പരിഹരിക്കൽ, വ്യാപാര ബന്ധം ശക്തമാക്കൽ, തീവ്രവാദത്തിന് എതിരെ ഒന്നിച്ചുനീങ്ങൽ തുടങ്ങിയ വിഷയങ്ങളിൽ ഒരുമിച്ചു നിലയുറപ്പിക്കാൻ ഇരുരാജ്യങ്ങളും തീരുമാനമായി.

ന്യായമായ വ്യാപാരം ഉറപ്പാക്കുക, സഹകരണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ഒരുമിച്ചു നിൽക്കാനാണ് ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുള്ളത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിൽ പരസ്പര വിശ്വാസവും സഹകരണവും വർധിപ്പിക്കുന്നതിന് മോഡിയുടെ ചൈനാ സന്ദർശനവും ചൈനീസ് പ്രസിഡന്റുമായുള്ള ചർച്ചയും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ചൈനയുമായുള്ള ബന്ധം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടു പോകുമെന്ന് ചർച്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. മാനവരാശിയുടെ പുരോഗതിക്കു തന്നെ ഇന്ത്യ-ചൈന ബന്ധം അനിവാര്യമാണ്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ നേരിട്ട് വിമാന സർവീസ്സുകൾ ആരംഭിക്കുമെന്നും ബന്ധം മികച്ചതാക്കേണ്ടത് 280 കോടി ജനങ്ങളുടെ ക്ഷേമത്തിന് അനിവാര്യമാണെന്നു മോഡി കൂട്ടിച്ചേർത്തു. മോഡിയെ സ്വാഗതം ചെയ്ത ഷി ജിൻപിങ് ഇന്ത്യ വികസനരംഗത്ത് ചൈനയുടെ പ്രധാന പങ്കാളിയാണെന്ന് വ്യക്തമാക്കി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സാംസ്കാരിക ബന്ധമുണ്ടെന്നും ‘ഡ്രാഗൺ- ആന’ സൗഹൃദം പ്രധാനമാണെന്നും ചൈനീസ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ചൈനയിലെ ടിയാൻജിനിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മയിൽ (SCO) പങ്കെടുക്കാനായിരുന്നു മോഡിയുടെ ചൈനീസ് സന്ദർശനം. ഏഴ് വർഷങ്ങൾക്കു ശേഷം ആദ്യമാണ് പ്രധാനമന്ത്രി ചൈന സന്ദർശിക്കുന്നത്.
Following a meeting between PM Modi and President Xi Jinping, India and China declare they are not rivals, but development partners.