ഇന്ത്യയിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങി വിയറ്റ്നാമീസ് കോൺഗ്ലോമറേറ്റ് വിൻഗ്രൂപ്പ് (Vingroup JSC). റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ഗ്രീൻ എനർജി മേഖലകളിലേക്കാണ് കമ്പനി പ്രവേശിക്കാൻ പദ്ധതിയിടുന്നത്. ഗ്രൂപ്പിന്റെ ഓട്ടോമൊബൈൽ കമ്പനിയായ വിൻഫാസ്റ്റ് (VinFast) കഴിഞ്ഞ ദിവസം VF6, VF7 എന്നീ ഇലക്ട്രിക് എസ്യുവികൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പ്രവേശിച്ചിരുന്നു. വാഹനലോഞ്ചിന് പിന്നാലെയാണ് കമ്പനി മറ്റ് മേഖലകളിലേക്കും വ്യാപിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ 2000 ഏക്കർ വിസ്തൃതിയുള്ള സ്മാർട്ട്സിറ്റി നിർമ്മിക്കാൻ വിൻഗ്രൂപ്പ് ശ്രമിക്കുന്നുണ്ടെന്നും, ഇതിനായി ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും വിൻഫാസ്റ്റ് ഏഷ്യ സിഇഒ ഫാം സാൻ ചോ (Pham Sanh Chau) അറിയിച്ചു.
വിൻഫാസ്റ്റ് ഇതിനകം തന്നെ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ₹4,000 കോടി നിക്ഷേപിച്ച് ഇലക്ട്രിക് വാഹനം നിർമാണ പ്ലാന്റ് സ്ഥാപിച്ചു വരികയാണ്. വരാനിരിക്കുന്ന വർഷങ്ങളിൽ ഇന്ത്യയിൽ സമഗ്രമായ ഇവി ഇക്കോസിസ്റ്റം സൃഷ്ടിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം. വാഹനങ്ങൾ, ഇലക്ട്രിക് ബസുകൾ, ഇലക്ട്രിക് ടൂവീലറുകൾ, ചാർജിംഗ് സൗകര്യങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ, റിസോർട്ടുകൾ എന്നിവ ഉൾപ്പെടുത്തി പദ്ധതി വികസിപ്പിക്കാനാണ് ശ്രമം- അദ്ദേഹം പറഞ്ഞു.
Vietnam’s Vingroup enters India via EV brand VinFast, eyes real estate, green energy, and a 2000-acre smart city project across southern states.
