15 വയസ്സിന് മുകളിലുള്ളവർക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഉല്ലാസ് (ULLAS – Understanding of Lifelong Learning for All in Society) പദ്ധതി പ്രകാരം, ത്രിപുര, മിസോറാം, ഗോവ എന്നിവയ്ക്ക് ശേഷം ഇന്ത്യയിലെ നാലാമത്തെ സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി ഹിമാചൽ പ്രദേശ്. ഉല്ലാസ് പദ്ധതി പ്രകാരം 15 വയസ്സിനു മുകളിലുള്ള ജനസംഖ്യയുടെ 95% പേർക്കും വായിക്കാനും എഴുതാനും ദൈനംദിന ജീവിതത്തിൽ ആവശ്യമായ അടിസ്ഥാന സംഖ്യാ ജോലികൾ ചെയ്യാനും അറിയാമെങ്കിൽ ആ സംസ്ഥാനത്തെ പൂർണ സാക്ഷരരായി കണക്കാക്കുന്നു.

ഗവൺമെന്റ് പരിഷ്കാരങ്ങളുടെ ഫലമായി, ഹിമാചൽ പ്രദേശിലെ സാക്ഷരതാ നിരക്ക് ദേശീയ മാനദണ്ഡമായ 95% നേക്കാൾ ഉയർന്ന് 99.30% ആയതായി മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഷിംലയിൽ നടന്ന പരിപാടിയിൽ പറഞ്ഞു. 2024 ജൂണിൽ, 97% സാക്ഷരതാ നിരക്കോടെ പൂർണ സാക്ഷരത കൈവരിക്കുന്ന ആദ്യത്തെ കേന്ദ്രഭരണ പ്രദേശമായി ലഡാക്ക് മാറിയിരുന്നു. ഈ വർഷം മെയ് മുതൽ ജൂൺ വരെ, ഉല്ലാസ് സംരംഭത്തിന് കീഴിൽ മിസോറാം (98.2%), ഗോവ (99.5%), ത്രിപുര (95.6%) എന്നിവയും പൂർണ സാക്ഷരത നേടി.
