റോബോട്ടിക് സർജറി എന്നു കേൾക്കുമ്പോൾ പലരുടേയും മനസ്സിൽ ആദ്യമെത്തുന്ന ചോദ്യമാണ് റോബോട്ടുകളാണോ സർജറി ചെയ്യുന്നത് എന്നത്. യൂറോളജിയിൽ ഓപ്പറേഷൻ ചെയ്യാൻ റോബോട്ടിന്റെ ആവശ്യമുണ്ടോ എന്നതാണ് മറ്റ് ചിലരുടെ സംശയം. എന്താണ് റോബോട്ടിക് സർജറി എന്നതിനെക്കുറിച്ചും ഇത്തരം സംശയങ്ങൾക്കും മറുപടിയുമായി എത്തുകയാണ് അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ (Apollo Adlux Hospital) യൂറോളജി-കിഡ്നി ട്രാൻസ്പ്ലാന്റ് വിഭാഗം സീനിയർ കൺസൾട്ടന്റായ ഡോ. റോയ് ജോൺ (Dr. Roy John).
കീഹോൾ ശസ്ത്രക്രിയയിലെ നൂതന സാങ്കേതിക വിദ്യയാണ് റോബോട്ടിക് സർജറി. കീ ഹോൾ സർജറിയുടെ എല്ലാ ഗുണവശങ്ങളും നിലനിർത്തി കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ശസ്ത്രക്രിയ ചെയ്യാനും മികച്ച ഔട്ട്പ്പുട്ട് നൽകാനും റോബോട്ടിക് സർജറിയിലൂടെ സാധിക്കുന്നു. കൃത്യതയോടു കൂടി കീഹോൾ ശസ്ത്രക്രിയ നടത്താൻ റോബോട്ടിക് സർജറി സഹായിക്കുന്നു. സ്പേസ് കുറവുള്ള ഭാഗങ്ങളിൽ കീഹോൾ ശസ്ത്രക്രിയ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ചെയ്യാനും ഇത് സഹായകരമാണ്. മാഗ്നിഫിക്കേഷൻ, 3 ഡി വിഷൻ, എൻഡോ റിസ്റ്റ് ടെക്നോളജി തുടങ്ങിയവയാണ് ഇവയുടെ പ്രധാന സവിശേഷതകൾ. നീണ്ട ശസ്ത്രക്രിയയ്ക്കിടെ സർജൻമാരിൽ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ കുറയ്ക്കാനും റോബോട്ടിക് സർജറിയിലൂടെ സാധിക്കും. ഇതിലൂടെ സർജൻമാരുടെ എഫിഷ്യൻസി വർധിക്കുന്നു.

റോബോട്ട് ആണോ ശസ്ത്രക്രിയ ചെയ്യുന്നത് എന്നതാണ് അടുത്ത ചോദ്യം. ആ ചോദ്യം റോബോട്ടിക് സർജറിയുടെ രീതിയെക്കുറിച്ച് വിശദീകരണം അനിവാര്യമാക്കുന്നു. ഇന്ന് ലോകത്തിൽ ഏറ്റവുമധികം റോബോട്ടിക് സർജറിക്കായി ഉപയോഗിക്കുന്ന സിസ്റ്റം എന്നത് ഡാവിഞ്ചി സിസ്റ്റം ആണ്. ഇതിനു പുറമേ യുകെ, ചൈന, നരവധി യൂറോപ്പയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നായി പുതിയ റോബോട്ടുകൾ വന്നുതുടങ്ങിയിട്ടുണ്ട്. ഏത് സിസ്റ്റം ആയാലും അതിലെല്ലാം പ്രാധാന്യം ഡോക്ടർമാർക്ക് തന്നെയാണ്. ഡോക്ടർമാരുടെ നിർദേശാനുസരണം മാത്രം കാര്യങ്ങൾ ചെയ്യുകയാണ് റോബോട്ടിക് സർജറിയിൽ സംഭവിക്കുന്നത്. റോബോട്ടിന്റെ പ്രവർത്തനം ഡോക്ടർമാരുടെ പൂർണ നിയന്ത്രണത്തിലായിരിക്കും.
ബ്ലീഡിങ് കുറവാണ് എന്നതാണ് രോഗികളെ സംബന്ധിച്ച് റോബോട്ടിക് സർജറിയിലൂടെ ലഭിക്കുന്ന ഏറ്റവും പ്രധാന ഗുണം. അതുകൊണ്ടുതന്നെ ബ്ലഡ് ട്രാൻസ്മിഷൻ റേറ്റും കുറവാണ്. ഓപ്പറേഷനു ശേഷമുള്ള വേദനയും ഇത്തരം ശസ്ത്രക്രിയകളിൽ കുറവാണ്. മുറിവുകളുടെ വലിപ്പം കുറവായതു കൊണ്ടുതന്നെ അതിൽ നിന്നും ഉണ്ടായേക്കാവുന്ന ഇൻഫെക്ഷൻ സാധ്യതയും കുറയുന്നു. ആശുപത്രി വാസവും സാധാരണ ശസ്ത്രക്രിയയുമായി തട്ടിച്ചുനോക്കുമ്പോൾ റോബോട്ടിക് സർജറിയിൽ വളരെ കുറവാണ്.
യൂറോളജിയിൽ റോബോട്ടിക് ശസ്ത്രക്രിയയുടെ ആവശ്യം എന്തെന്നതാണ് അടുത്ത ചോദ്യം. ഇന്ന് ലോകമെമ്പാടും റോബോട്ടിക് സർജറി ഏറ്റവുമധികം ചെയ്യുന്നത് പ്രോസ്റ്റേറ്റ് കാൻസറിനാണ്, പ്രത്യേകിച്ച് ഏർളി സ്റ്റേജിലുള്ള പ്രോസ്റ്റേറ്റ് കാൻസറുകൾക്ക്. ഇത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ മാത്രം ഒതുങ്ങുന്നതും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ബാധിക്കാത്തുമായ ഒന്നാണ്. പ്രോസ്റ്റേറ്റ് ഗ്രന്ഥി മുഴുവനായും നീക്കം ചെയ്യുകയാണ് ഇതിനുള്ള ചികിത്സ. വളരെ സ്പേസ് കുറവുള്ള പെൽവിസിനുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ശസ്ത്രക്രിയ ബുദ്ധിമുട്ടേറിയതാണ്. ഇത്തരം അവസരങ്ങളിൽ റോബോട്ടിക് സർജറി അനിവാര്യമാകുന്നു.
കിഡ്നി കാൻസറിന്റെ കാര്യത്തിലും റോബോട്ടിക് സർജറി അനുഗ്രഹമാണ്. മുൻപ് കിഡ്നിയിൽ ഒരു മുഴ കണ്ടാൽ കിഡ്നി റിമൂവ് ചെയ്യുന്നതായിരുന്നു പോംവഴി. എന്നാലിന്ന് നേരത്തെ കണ്ടുപിടിക്കപ്പെടുന്ന കിഡ്നി കാൻസറുകളിൽ കിഡ്നി മുഴുവൻ നീക്കം ചെയ്യാതെ മുഴകൾ മാത്രം നീക്കം ചെയ്യാനാകും. ഇത് ബ്ലീഡിങ് കൂടുതൽ സംഭവിക്കാവുന്ന ശ്സത്രക്രിയ കൂടിയാണ്. ഇത്തരം കോംപ്ലക്സ് ശസ്ത്രക്രിയകളിൽ റോബോട്ടിക് സർജറി ഏറെ സഹായകരമാകുന്നു.
Is a robot performing your surgery? Dr. Roy John of Apollo Adlux Hospital explains the reality of robotic surgery, its benefits, and its role in urology.