മഹീന്ദ്ര ഗ്രൂപ്പ് (Mahindra Group) ചെയർമാൻ ആനന്ദ് മഹീന്ദ്ര (Anand Mahindra) വ്യവസായി എന്നതിലുപരി ഒരു കേരളപ്രേമി കൂടിയാണ്! കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും പ്രകൃതിഭംഗിയെക്കുറിച്ചും അദ്ദേഹം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടാറുണ്ട്. അടുത്തിടെ കടമക്കുടിയെക്കുറിച്ച് അദ്ദേഹം ഇട്ട പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള മറ്റൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

പാലക്കാട്ടെ അഗ്രഹാരങ്ങളുടെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് പാലക്കാട്ടെ ഒരു ഗ്രാമമാണ്, ടൂറിസ്റ്റ് കേന്ദ്രമല്ല, അങ്ങനെ ആകാൻ ശ്രമിക്കുന്ന സ്ഥലവുമല്ല. എന്നാൽ ചില സമയത്ത്, യാത്രകൾ ഓർമകളിൽ എപ്പോഴും നിലനിൽക്കുന്ന അനുഭവം സമ്മാനിക്കും. ഈ ഗ്രാമത്തിലേക്ക് പോകാൻ തോന്നുന്നു, അതിന്റെ നിശബ്ദതയിൽ അലിഞ്ഞുചേരാനും. ആധുനിക ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലാകും ഇത്’- ആനന്ദ് മഹീന്ദ്ര വീഡിയോക്കൊപ്പം കുറിച്ചു.
നിരവധി പേരാണ് ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റിന് മറുപടിയുമായി എത്തിയത്. തമിഴ് ബ്രാഹ്മണരുടെ സ്ഥലമാണ് അഗ്രഹാരങ്ങൾ എന്നും എന്നാൽ പണ്ടുണ്ടായിരുന്ന ഭംഗി ഇപ്പോഴില്ല എന്നും ചിലർ അഭിപ്രായപ്പെടുന്നു. പോസ്റ്റിനൊപ്പം മറ്റ് ജില്ലകളിലെ ഗ്രാമങ്ങളുടെ ചിത്രങ്ങളും ചിലർ പങ്കുവെക്കുന്നു
Anand Mahindra, a Kerala admirer, shares a video of Palakkad’s Agraharams, calling the village a ‘perfect escape’ from the hustle of modern life.