ഇന്ത്യയുടെ വ്യോമയാന മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി, 2047-ഓടെ രാജ്യത്ത് 34 മെഗാ വിമാനത്താവളങ്ങൾ നിർമ്മിക്കാൻ പദ്ധതിയിടുന്നതായി എയർപോർട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ചെയർമാൻ വിപിൻ കുമാർ അറിയിച്ചു. ‘ഏവിയേഷൻ ഇന്ത്യ 2025’ പരിപാടിയിൽ സംസാരിക്കവെയാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

അടിസ്ഥാന സൗകര്യ വികസന പദ്ധതി ‘വികസിത് ഭാരത് @ 2047’ ദൗത്യത്തിന്റെ ഭാഗമാണ്. 2024 ഒക്ടോബർ വരെ ഇന്ത്യയിലെ മൊത്തം പ്രവർത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 164 ആണ്. 2024-ൽ ഇത് 74 ആയിരുന്നു.
നിലവിൽ, പ്രതിവർഷം 100 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലോകത്തിലെ ഒരു മെഗാ എയർപോർട്ടാണ്. ഭാവിയിൽ, ജെവാർ, നവി മുംബൈ എന്നിവിടങ്ങളിലെ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ വികസനത്തിന്റെ അടുത്ത ഘട്ടങ്ങൾ പൂർത്തിയാക്കുന്നതോടെ മെഗാ വിമാനത്താവളങ്ങളായി ഉയരുമെന്നും പ്രതീക്ഷിക്കുന്നു.
‘വികസിത് ഭാരത് @ 2047’ ലക്ഷ്യങ്ങൾ
പുതുക്കിപ്പണിത എയർസ്ട്രിപ്പുകൾ ഉൾപ്പെടെ രാജ്യത്തെ മൊത്തം വിമാനത്താവളങ്ങളുടെ എണ്ണം 350-400 ആയി ഉയർത്താനാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.ഡൽഹി നാഷണൽ കാപിറ്റൽ റീജിയൺ, മുംബൈ മെട്രോപൊളിറ്റൻ റീജിയൺ എന്നിവിടങ്ങളിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളും രണ്ടാമത്തെ വിമാനത്താവളങ്ങളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്.
പ്രധാന ലക്ഷ്യങ്ങളും ആവശ്യകതകളും
34 മെഗാ വിമാനത്താവളങ്ങളും ഏകദേശം 1,600 വിമാനങ്ങളും കൈകാര്യം ചെയ്യുന്നതിന് വലിയതോതിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അനിവാര്യമാണ്. ഇതിനായി കൂടുതൽ ജീവനക്കാർ, മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സേവനങ്ങൾ എന്നിവ വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.
പുരന്ദർ (പൂനെ),  കോട്ട (രാജസ്ഥാൻ),  പരന്തൂർ (ചെന്നൈ),  ഗ്രേറ്റ് നിക്കോബാർ (ആൻഡമാൻ നിക്കോബാർ ദ്വീപുകൾ), പുരി (ഒഡീഷ),
ധോലേര (ഗുജറാത്ത്),  ഡോലൂ (അസം) എന്നീ സ്ഥലങ്ങളിൽ ആണ് പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ വികസിപ്പിക്കാനായി തിരഞ്ഞെടുത്തത്.
aai plans 34 mega airports by 2047 as part of ‘viksit bharat’ mission. total airports will increase to 350-400, boosting india’s massive aviation growth.


 
