എയർബസ് എ 380 കമാൻഡ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വനിയായി ക്യാപ്റ്റൻ ഫാത്തിമ നബീൽ അൽ ഖാവുദ് മാറിയതോടെ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബഹ്റൈൻ. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ട്, ക്യാപ്റ്റൻ ഫാത്തിമ സങ്കീർണമായ ഫ്ലൈറ്റ് ടെക്നോളജിയിലുള്ള തന്റെ സ്വന്തം വൈദഗ്ധ്യത്തെ തെളിയിച്ചു. ഇതോടൊപ്പം മുഴുവൻ രാജ്യത്തെയും അവർ ആഗോള വേദിയിലേക്ക് ഉയർത്തുകയും ചെയ്തു.
പൈലറ്റ് രംഗത്ത് സ്ത്രീ നേതൃത്വത്തെ വളർത്തിയെടുക്കുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് അധികൃതർ പറഞ്ഞു. ബഹ്‌റൈനിൽ നിന്നുള്ള പുതിയൊരു കമാൻഡറെയാണ് ആകാശത്തിന് ലഭിച്ചിരിക്കുന്നത്. വാണിജ്യ പൈലറ്റുമാരുടെ ആത്യന്തിക സ്വപ്നമായ ക്യാപ്റ്റൻ എന്ന പദവിയാണ് ഫാത്തിമ നബീൽ അൽ ഖാവുദ് ഔദ്യോഗികമായി നേടിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

അവർ നിയന്ത്രിക്കുന്ന ഭീമാകാരമായ എയർബസ് എ 380 എന്ന വിമാനമാണ് ക്യാപ്റ്റൻ ഫാത്തിമയുടെ നേട്ടത്തെ അസാധാരണമായ നാഴികക്കല്ലാക്കി മാറ്റുന്നത്. ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ പാസഞ്ചർ ജെറ്റാണിത്. സങ്കീർണമായ സാങ്കേതിക പരീക്ഷകളിൽ വിജയിച്ചാണ് ഫാത്തിമ ഈ നേട്ടത്തിലെത്തിയത്. പ്രൊഫഷണൽ വ്യോമയാനരംഗത്തെ വനിതാപ്രാതിനിധ്യത്തിന്റെ വലിയ വിജയം അടയാളപ്പെടുത്തുന്നതുകൂടിയാണ് നേട്ടം.
“സൂപ്പർജംബോ” എന്ന് വിളിപ്പേരുള്ള എയർബസ് എ 380 നെ നിയന്ത്രിക്കുയെന്നത് ആഗോളതലത്തിൽത്തന്നെ അംഗീകരിക്കപ്പെട്ട വിദഗ്ധ നേട്ടമാണ്. അസാധാരണമായ വൈദധ്യം ആവശ്യമുള്ള ഡബിൾ ഡെക്കർ ഭീമനാണ് എ 380. നിലവിൽ പറന്നുയരുന്ന ഏറ്റവും വലിയ യാത്രാ വിമാനമായ എ380ക്ക് ഏകദേശം 600 ടൺ ഭാരവും 500ലധികം യാത്രക്കാരെ വഹിക്കാനും കഴിയും. സങ്കീർണമായ സംവിധാനങ്ങൾക്ക് പൈലറ്റിംഗ് കഴിവുകൾക്കൊപ്പം മികച്ച ക്രൂ റിസോഴ്‌സ് മാനേജ്‌മെന്റും അടിയന്തര നടപടിക്രമ വൈദഗ്ധ്യവും ഉള്ള ക്യാപ്റ്റനെ ആവശ്യമാണ്.
ഈ കൂറ്റൻ വിമാനം നിയന്ത്രിക്കാൻ യോഗ്യതയുള്ള പൈലറ്റുമാരുടെ എണ്ണം, പ്രത്യേകിച്ച് വനിതകൾ, വളരെ കുറവാണ്. ഇത് ക്യാപ്റ്റൻ ഫാത്തിമയെ ആഗോള വൈമാനികരുടെ എലൈറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നു.
Captain Fatima Nabeel Al Khawaja achieved a historic feat, becoming the first Bahraini woman to command the Airbus A380, the world’s largest passenger jet.
