കലാരി ക്യാപിറ്റലിൽ (Kalaari Capital) CXXO ഇനിഷ്യേറ്റീവ് നയിച്ച പ്രീ-സീഡ് ഫണ്ടിംഗ് റൗണ്ടിൽ10 കോടി രൂപ നിക്ഷേപം സ്വന്തമാക്കി മലയാളി വനിതാ സംരംഭകർ. കോട്ടയം സ്വദേശികളായ ഡോ. നീതു മറിയം ജോയ്, നിഖിത ശങ്കർ എന്നിവർ നയിക്കുന്ന വോയ്സ് എഐ സ്റ്റാർട്ടപ്പ് സൂപ്പർബ്രൈൻ (SuperBryn) ആണ് പ്രീ-സീഡ് റൗണ്ടിലൂടെ 1.2 മില്യൺ ഡോളർ (ഏകദേശം 10.80 കോടി രൂപ) മൂലധന നിക്ഷേപം സ്വന്തമാക്കിയിരിക്കുന്നത്. നടൻ നിവിൻ പോളി, റികാന്ത് പിറ്റി (സഹസ്ഥാപകൻ, ഈസ് മൈ ട്രിപ്പ്), അർജുൻ പിള്ള (സ്ഥാപകൻ, ഡോക്കറ്റ് AI), ശരത് കേശവ നാരായണൻ (സ്ഥാപകൻ, സനാസ് AI), ഹരീഷ് മണിയൻ (ഗ്രൂപ്പ് സിഇഒ, ബിഎംഎച്ച്) എന്നിവരുൾപ്പെടെയുള്ള ഏഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തവും ഈ റൗണ്ടിൽ ഉണ്ടായിരുന്നു.

എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതും എന്റർപ്രൈസ് വോയ്സ് എഐ ഏജന്റുകളെ കൂടുതൽ സ്മാർട്ട് ആക്കുന്നതുമായ ടെക് പ്ലാറ്റ്ഫോമാണ് സൂപ്പർബ്രൈൻ. ലളിതമായി പറഞ്ഞാൽ, ഫോൺ/ആപ്പുകളിൽ ശബ്ദം ഉപയോഗിക്കുന്ന എഐ അസിസ്റ്റന്റുകൾ യഥാർത്ഥ ജീവിതത്തിൽ കൃത്യമായി പ്രവർത്തിക്കാനായി സഹായിക്കുന്ന സംവിധാനമാണിത്. വോയ്സ് എഐ സിസ്റ്റം പ്രവർത്തിക്കുന്നത് നിരീക്ഷിക്കാനും മെച്ചപ്പെടുത്താനും സാധിക്കുന്ന ഇവാല്യുവേഷൻ ആൻഡ് ഒബ്സർവബിലിറ്റി പ്ലാറ്റഫോം വോയ്സ് ഏജന്റിന്റെ പാളിച്ചകൾ കണ്ടെത്തി അത് മെച്ചപ്പെടുത്താനും കൂടുതൽ സ്ഥിരത നൽകാനും എഐ ഡെവലപ്പർമാരെ സഹായിക്കുന്നു.
കമ്പനികൾ വോയ്സ്-എഐ ഉണ്ടാക്കുമ്പോൾ, ഡെമോയിൽ എല്ലാം ശരിയായി പ്രവർത്തിക്കും. പക്ഷേ യഥാർത്ഥ ഉപയോഗത്തിൽ വ്യത്യസ്ത ആക്സന്റുകൾ, ബാക്ക്ഗ്രൗണ്ട് നോയ്സുകൾ, സങ്കീർണമായ സംഭാഷണങ്ങൾ തുടങ്ങിയവ വന്നാൽ അത് പലപ്പോഴും തകരാറിലാകും. ഇവിടെയാണ് സൂപ്പർബ്രൈൻ പ്രവർത്തനം നിർണായകമാകുന്നത്. വോയ്സ്-എഐ യഥാർത്ഥ സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറുന്നു എന്നു നിരീക്ഷിച്ച് സൂപ്പർബ്രൈൻ എവിടെയാണ് പിഴവ് വന്നതെന്ന് കണ്ടെത്തുകയും ആ പിഴവുകൾ ശരിയാക്കാൻ കമ്പനികളെ സഹായിക്കുകയും ചെയ്യും. ഇങ്ങനെ ലൈവ് ആകുന്നതിന് മുൻപും ശേഷവും വോയ്സ് സിസ്റ്റംസിനെ കൂടുതൽ വിശ്വസനീയമാക്കുന്ന സൂപ്പർബ്രൈൻ ആരോഗ്യരംഗം, ഫിനാൻസ് പോലുള്ള വിശ്വാസ്യത അത്യാവശ്യമായ മേഖലകളിൽ ഏറെ ഉപകാരപ്രദമാണ്.
എൻഐടി കാലിക്കറ്റ് ബിരുദധാരിയായ നിഖിത ശങ്കറും, ഐഐടി മദ്രാസിൽ നിന്ന് പിഎച്ച്ഡിയും ലണ്ടനിലെ കിംഗ്സ് കോളേജിൽ പോസ്റ്റ്ഡോക്ടറൽ പരിചയവുമുള്ള വോയ്സ് എഐ ഗവേഷകയായ ഡോ. നീതു മറിയം ജോയിയും ചേർന്നാണ് സൂപ്പർബ്രൈൻ ആരംഭിച്ചത്. ഉത്പന്ന വികസനം, എഞ്ചിനീയറിംഗ് ടീം വികസിപ്പിക്കൽ, പുതിയ വിപണി എന്നിവയ്ക്കായി ഫണ്ടിംഗ് ഉപയോഗിക്കുമെന്ന് കോഫൗണ്ടർമാരായ ഡോ.നീതുവും നിഖിത ശങ്കറും അറിയിച്ചു.
SuperBryn, a Kerala-based Voice AI startup founded by Dr. Neethu Mariam Joy and Nikhita Shankar, secured ₹10.8 Cr ($1.2M) in a Pre-Seed round led by Kalaari Capital’s CXXO, with participation from actor Nivin Pauly and other angels.
