അക്കാഡമിക് രംഗത്ത് യുപ്രധാന തീരുമാനവുമായി പാകിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ് (LUMS). ഈ മാസം മുതൽ സംസ്കൃത ആമുഖ കോഴ്‌സ് അവതരിപ്പിച്ചാണ് സർവകലാശാല ശ്രദ്ധനേടുന്നത്. വിഭജനത്തിനുശേഷം ആദ്യമായാണ് ഒരു പാക് സർവകലാശാല ക്ലാസ് മുറികളിൽ സംസ്‌കൃതം ഔപചാരികമായി പഠിപ്പിക്കാൻ ആരംഭിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏറ്റവും സ്വാധീനമുള്ളതുമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നായ സംസ്‌കൃതം – 1947ലെ വിഭജനത്തിനുശേഷം പാകിസ്ഥാനിൽ ഔപചാരികമായി പഠിപ്പിക്കുന്നത് വളരെ അപൂർവമായിരുന്നെന്ന് സർവകലാശാല അതിന്റെ വെബ്‌സൈറ്റിൽ ചൂണ്ടിക്കാട്ടി. ഇപ്പോൾ വർഷങ്ങൾക്കു ശേഷം ക്ലാസ് മുറിയിൽ ഇത് വീണ്ടും പ്രത്യക്ഷപ്പെടുന്നത് ദക്ഷിണേഷ്യയുടെ ബൗദ്ധികവും സാംസ്കാരികവുമായ പൈതൃകവുമായി ഇടപഴകുന്നതിനുള്ള സർവകലാശാലയുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതായും സർവകലാശാല വ്യക്തമാക്കി.
വിദ്യാർത്ഥികൾ, ഗവേഷകർ, അഭിഭാഷകർ, അക്കാഡമിക് വിദഗ്ധർ തുടങ്ങിയവർക്കായുള്ള വാരാന്ത്യ പരിപാടിയാണ് ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. ഇതിനു ലഭിച്ച മികച്ച പ്രതികരണം കണക്കിലെടുത്ത് സർവകലാശാല ദീർഘകാല കോഴ്‌സ് ആരംഭിക്കുകയായിരുന്നെന്ന് സർവകലാശാലാ പ്രതിനിധിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സർവകലാശാല മഹാഭാരതത്തേയും ഭഗവദ്ഗീതയേയും കുറിച്ചുള്ള കോഴ്‌സുകൾ അടക്കം നൽകാൻ പദ്ധതിയിടുന്നതായും റിപ്പേർട്ടിൽ പറയുന്നു.
Lahore University of Management Sciences (LUMS) has introduced an introductory Sanskrit course, marking the first time a major Pakistani university has formally taught the language since the Partition in 1947.
