ദേശീയ നിലവാരത്തിനു മുകളിൽ ക്രെഡിറ്റ് റേറ്റിങ് നേടി അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അദാനി കമ്പനികൾ. ജപ്പാനിലെ പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസി ജെസിആർ (JCR) പ്രഖ്യാപിച്ച മൂന്ന് അദാനി കമ്പനികളുടെ ക്രെഡിറ്റ് റേറ്റിങ്ങുകളിലാണ് അപൂർവ നേട്ടം. അദാനി പോർട്സ് & എസ്ഇസഡ് (APSEZ) “A-” സ്റ്റേബിൾ റേറ്റിങ്ങ് നേടി. ദേശീയ ക്രെഡിറ്റ് റേറ്റിങ്ങിനെക്കാൾ ഉയർന്ന റേറ്റിങ്ങാണിത്. അദാനി ഗ്രീൻ എനർജി ലിമിറ്റഡിനും (AGEL), അദാനി എനർജി സൊലൂഷൻസ് ലിമിറ്റഡിനും (AESL) ദേശീയ ക്രെഡിറ്റ് റേറ്റിങ്ങിന് തുല്യമായ BBB+ (സ്റ്റേബിൾ) റേറ്റിങ് ലഭിച്ചു. ഒരു കോർപറേറ്റ് സ്ഥാപനത്തിന് രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിങ്ങിന് മുകളിൽ റേറ്റിങ് ലഭിക്കുന്നത് അപൂർവമാണെന്ന് ജെസിആർ വ്യക്തമാക്കി. ഒരു രാജ്യമോ കമ്പനിയോ എടുത്ത കടം സമയത്ത് തിരിച്ചടയ്ക്കാനുള്ള ശേഷി എത്രത്തോളം വിശ്വസനീയമാണ് എന്നതിനെക്കുറിച്ചുള്ള മൂന്നാം കക്ഷി ഏജൻസികളുടെ വിലയിരുത്തലിനെയാണ് ക്രെഡിറ്റ് റേറ്റിങ് എന്നു പറയുന്നത്.

വൈവിധ്യമാർന്ന അടിസ്ഥാന സൗകര്യ ആസ്തികൾ, സ്ഥിരതയുള്ള വരുമാന സ്രോതസുകൾ, ശക്തമായ ധനകാര്യ നിയന്ത്രണം എന്നിവയാണ് ഈ റേറ്റിങ്ങുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഏജൻസി വിലയിരുത്തി. തുറമുഖ–ലോജിസ്റ്റിക്സ് മേഖലയിലെ ശക്തമായ സ്ഥാനം APSEZ-നെ ശക്തിപ്പെടുത്തി. റിന്യൂബിൾ എനർജി രംഗത്തെ വേഗമേറിയ വളർച്ച AGEL-നെയും, ട്രാൻസ്മിഷൻ–ഡിസ്ട്രിബ്യൂഷൻ മേഖലയിൽ വ്യാപനം AESL-നെയും ശക്തിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. ആഗോള ക്രെഡിറ്റ് മാനദണ്ഡങ്ങളോട് ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ കൂടുതൽ അടുത്തുവരുന്നതിന്റെ സൂചനയായാണ് ഈ റേറ്റിങ്ങുകൾ വിലയിരുത്തപ്പെടുന്നത്.
Japan’s JCR agency assigns Adani Ports an ‘A-‘ rating, surpassing India’s sovereign credit level. Adani Green and Energy Solutions also secure landmark ratings.
