ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. ആറ് പതിറ്റാണ്ട് പഴക്കമുള്ള നികുതി നിയമത്തിന് പകരമായി ‘ഇൻകം ടാക്‌സ് ആക്ട് 2025’ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

പുതിയ ആദായനികുതി വ്യവസ്ഥപ്രകാരം 12 ലക്ഷം വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി നൽകേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു. 4- 8 ലക്ഷം രൂപ: അഞ്ച് ശതമാനം, 8- 12 ലക്ഷം രൂപ: 10 ശതമാനം, 12- 16 ലക്ഷം രൂപ: 15 ശതമാനം, 16- 20 ലക്ഷം രൂപ: 20 ശതമാനം, 20- 24 ലക്ഷം രൂപ: 25 ശതമാനം, 24 ലക്ഷത്തിന് മുകളിൽ: 30 ശതമാനം എന്നിങ്ങനെയാണ് നികുതി നിരക്ക്. നാല് ലക്ഷം രൂപയിലധികം വരുമാനമുള്ളവർക്ക് നികുതി ബാധ്യതയുണ്ടെങ്കിലും കിഴിവുകളും റിബേറ്റുകളും കിഴിച്ചാൽ 12 ലക്ഷം രൂപയ്ക്ക് വരെ നികുതി കൊടുക്കേണ്ടിവരില്ല.
റെക്കോർഡ് വേഗത്തിലാണ് ഇൻകം ടാക്‌സ് ആക്ട് നിയമനിർമാണം പൂർത്തിയാക്കിയതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ലളിതമായ നികുതി നിയമങ്ങളും ഫോമുകളും ഉടൻ വിജ്ഞാപനം ചെയ്യും. സാധാരണക്കാർക്ക് ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യാവുന്ന രീതിയിലാണ് ഫോമുകൾ പരിഷ്‌കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Finance Minister Nirmala Sitharaman announces that the new ‘Income Tax Act 2025’ will come into effect on April 1. While tax slabs remain unchanged in Budget 2026, the government promises simpler laws and streamlined tax forms for citizens.
