ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങൾ പാലിക്കാൻ ആയില്ലെങ്കിൽ രാജ്യം വിട്ട് പോകാമെന്ന് സോഷ്യൽ മീഡിയ ഭീമനായ വാട്സാപ്പിനോടും മാതൃകമ്പനിയായ മെറ്റയോടും സുപ്രീം കോടതി. പൗരന്മാരുടെ സ്വകാര്യതാവകാശ ലംഘനങ്ങൾക്കെതിരെയുള്ള സുപ്രീം കോടതിയുടെ പരാമർശത്തോടെ വാട്സ്ആപ്പ് ഇന്ത്യ വിടുമോ എന്ന ചർച്ചകൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

വാട്സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. ഈ നയം അനുസരിച്ച് മെറ്റ ഗ്രൂപ്പിന് ഉപയോക്തൃ ഡാറ്റ മറ്റ് കമ്പനികളുമായി പങ്കിടാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ഇതിലൂടെ കമ്പനി ഉപയോക്താക്കൾക്ക് മുന്നിൽ നയം സ്വീകരിക്കുകയോ അല്ലെങ്കിൽ അക്കൗണ്ട് ഒഴിവാക്കുകയോ ചെയ്യുക എന്ന ഒരേയൊരു വഴിയാണ് വെയ്ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഉപയോക്താക്കൾക്ക് യഥാർത്ഥത്തിൽ തിരഞ്ഞെടുപ്പ് ഇല്ലാത്ത സാഹചര്യത്തിൽ നൽകിയ സമ്മതം ‘മാനുഫാക്ചേർഡ് കൺസന്റ്’ ആണെന്ന് ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അഭിപ്രായപ്പെട്ടു. ഓപ്റ്റ് ഔട്ട് ചെയ്യാനുള്ള അവസരം എവിടെയാണെന്ന് ചോദിച്ച കോടതി ഇത് സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കുന്നതിന് തുല്യമാണെന്ന നിലപാടും വ്യക്തമാക്കി. വാട്സ്ആപ്പിന്റെ ആധിപത്യം ഉപയോക്താക്കൾക്ക് മറ്റ് പ്രായോഗിക മാർഗം ഇല്ലാതാക്കുന്നുവെന്നും, “എല്ലാവരും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ്” എന്ന വസ്തുതയെ അവഗണിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
സ്വകാര്യതയിൽ വിട്ടുവീഴ്ചയില്ല
ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യതയിൽ തൊട്ട് കളിക്കാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. “ഡാറ്റ പങ്കിടലിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്. കൂടുതൽ തീവ്രമായ പരിശോധനയ്ക്ക് വിധേയമാക്കും” എന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകിയിട്ടുണ്ട്. സാധാരണക്കാർക്ക് കമ്പനിയുടെ സ്വകാര്യതാ നയം മനസ്സിലാകുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു. വാട്സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയം മത്സരാവകാശത്തെയും ഉപയോക്തൃ സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാണെന്ന് കണ്ടെത്തിയ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) 213.14 കോടി രൂപ പിഴ വിധിച്ചിരുന്നു. ഈ പിഴ ചോദ്യം ചെയ്താണ് മെറ്റയും വാട്സ്ആപ്പും സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ശക്തമായ നിലപാട് സ്വീകരിച്ചത്. ഡാറ്റ പങ്കിടില്ലെന്ന വ്യക്തമായ സത്യവാങ്മൂലം സമർപ്പിക്കാൻ മെറ്റയോടും വാട്സാപ്പിനോടും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ ഫെബ്രുവരി 10ന് ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.
വാട്സ്ആപ്പ് ഇന്ത്യ വിടുമോ?
കോടതിയുടെ പരാമർശങ്ങൾ ശക്തമാണെങ്കിലും ഇന്ത്യ ടുഡേ അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വാട്സ്ആപ്പ് ഉടൻ ഇന്ത്യ വിടാനുള്ള സാധ്യത കുറവാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയാണ് വാട്സ്ആപ്പിന്റെ നിലവിലെ ഏറ്റവും വലിയ വിപണിയെന്നതാണ് വിദഗ്ധർ ഇതേക്കുറിച്ച് പ്രധാനമായും ചൂണ്ടിക്കാണിക്കുന്ന കാരണം. അതേസമയം, വാണിജ്യ താൽപര്യങ്ങൾ ഭരണഘടനാപരമായ സ്വകാര്യതാവകാശങ്ങളെ മറികടക്കാൻ അനുവദിക്കില്ല എന്ന് കോടതി വ്യക്തമായി പറഞ്ഞ സാഹചര്യത്തിൽ ഈ കേസ് ഇന്ത്യയിലെ ഡിജിറ്റൽ സ്വകാര്യതയുടെ ഭാവി നിർണയിക്കുന്ന വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. സൗജന്യ ഡിജിറ്റൽ സേവനങ്ങൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്ന മറഞ്ഞിരിക്കുന്ന വില എത്രയെന്ന ചോദ്യമാണ് ഇപ്പോൾ സുപ്രീം കോടതി മുന്നോട്ടുവയ്ക്കുന്നത്.
The Supreme Court of India warns WhatsApp to follow constitutional privacy laws or leave the country. Following a ₹213 crore CCI penalty and “manufactured consent” concerns, find out if the messaging giant will actually exit its largest market.
