ഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈന. സാങ്കേതിക നയതന്ത്രത്തിലെ ശ്രദ്ധേയമായ പുരോഗതിയാണ് ഇതെന്നും ആഗോള എഐ രംഗത്തെ പ്രധാന ശക്തിയായി സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന് സഹായകരമാകും എന്നുമാണ് വിലയിരുത്തൽ. എഐ ഭാവി രൂപപ്പെടുത്താൻ ലക്ഷ്യമിട്ടാണ് അന്താരാഷ്ട്ര എഐ ഉച്ചകോടികളുടെ പരമ്പരയിലെ നാലാമത്തെ സമ്മേളനമായ എഐ ഇംപാക്ട് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 16 മുതൽ 20 വരെ നടക്കുന്ന സമ്മിറ്റിൽ രാജ്യ തലവന്മാർ, മന്ത്രിസഭാ പ്രതിനിധികൾ, പ്രമുഖ എഐ ഡിജിറ്റൽ കമ്പനികളിലെ 50ലധികം സിഇഒമാർ, അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സുന്ദർ പിച്ചൈ, സാം ആൾട്ട്മാൻ, ജെൻസൻ ഹുവാങ്, ബിൽ ഗേറ്റ്‌സ് തുടങ്ങിയ ആഗോള സാങ്കേതിക പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തുന്നുണ്ട്.

ചൈനീസ് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ചെൻ ജിയാചേഞ്ചിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുക്കുക. ഷാങ്ഹായ് എഐ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ലിയു യുചെൻ, ബെയ്ജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രസിഡന്റ് സു യുവാൻ, ഷാങ്ഹായ് എഐ ലബോറട്ടറി ചെയർമാൻ സു ജിയ, കോങ് യിവെൻ എന്നിവരാണ് മറ്റ് പ്തിനിധികൾ. ചൈന സെന്റർ ഫോർ ഇൻഫർമേഷൻ ഇൻഡസ്ട്രി ഡെവലപ്‌മെന്റിൽ നിന്നുള്ള ലിയു ക്വാൻ, ഷി ചെൻ, ലിയാങ് ജിയാവെയ് എന്നിവരും ചർച്ചകളിൽ പങ്കെടുക്കും. ഇന്ത്യ-ചൈന ബന്ധങ്ങളിൽ “വളരുന്ന പോസിറ്റീവ് ശക്തിയുടെ” സൂചകമായാണ് വിദേശകാര്യ വിദഗ്ധർ ചൈനീസ് പങ്കാളിത്തത്തെ കാണുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള സംഭാഷണത്തിന് പൊതുവായ അടിത്തറ നൽകാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
India AI Impact Summit, Delhi AI Summit, Tech Diplomacy, India-China Relations, Artificial Intelligence, Sundar Pichai, Sam Altman, Jensen Huang, Bill Gates, Chen Jiachang, Global AI Leadership, Emerging Technologies, AI Governance.
