വിദ്യാർത്ഥികളിൽ സ്വതന്ത്രവും വിശകലനാത്മകവുമായ ചിന്താശേഷി വളർത്തുന്നതിനായി രാജ്യത്തുടനീളം 2,500 ‘ട്രെയിൻ ദി ടീച്ചർ’ (Train the Teacher) കോളേജുകൾ പ്രവർത്തിപ്പിക്കണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി. ഇന്ത്യയിൽ നിന്നും വികസിത രാജ്യങ്ങളിൽ നിന്നും വിരമിച്ച 10,000 പ്രഗത്ഭരായ സ്റ്റെം (STEM) അധ്യാപകരെ ഇതിനായി ക്ഷണിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. 2026-ലെ ഇൻഫോസിസ് പ്രൈസ് പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലംഗ അധ്യാപക സംഘത്തിന് പ്രതിവർഷം 200 സ്കൂൾ അധ്യാപകരെ വീതം പരിശീലിപ്പിക്കാനാകുമെന്നും, ഇതിലൂടെ പ്രതിവർഷം അഞ്ച് ലക്ഷം അധ്യാപകർക്ക് മികച്ച പരിശീലനം നൽകാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിശീലനത്തിനൊപ്പം അധ്യാപകർക്കും ഗവേഷകർക്കും മികച്ച ശമ്പളവും സൗകര്യങ്ങളും ആദരവും നൽകണമെന്നും മൂർത്തി ആവശ്യപ്പെട്ടു.

കണ്ടുപിടിത്തങ്ങളിലൂടെയും നവീകരണത്തിലൂടെയുമുള്ള സാമ്പത്തിക വളർച്ചയുടെ നാല് ഘട്ടങ്ങളിൽ ആണവോർജം, ബഹിരാകാശം, വാക്സിനുകൾ, ഹരിതവിപ്ലവം, ജനറിക് മരുന്നുകൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ രണ്ടാം ഘട്ടത്തിലാണെന്നും ഗ്ലോബൽ ഡെലിവറി മോഡലിൽ മൂന്നാം ഘട്ടത്തിലാണെന്നും നാരായണ മൂർത്തി വിലയിരുത്തി. സ്വന്തമായി പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്ന നാലാം ഘട്ടത്തിലേക്ക് രാജ്യം ഉയരണമെങ്കിൽ ഗവേഷണവും വിദ്യാഭ്യാസവും മെച്ചപ്പെടുത്തേണ്ടതുണ്ട്. അതേസമയം, നഗരങ്ങളെ മലിനീകരണവും ഗതാഗതക്കുരുക്കും ഇല്ലാത്തതും ശുദ്ധജലം ലഭ്യമാകുന്നതുമായ വാസയോഗ്യമായ ഇടങ്ങളാക്കി മാറ്റുന്ന കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പ്രാരംഭ ഘട്ടത്തിൽ തന്നെയാണെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
Infosys co-founder N.R. Narayana Murthy advocates for 2,500 ‘Train the Teacher’ colleges in India led by 10,000 retired STEM educators to train 500,000 teachers annually.
