ഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗൾട്രി ഉൽപന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ. ഇന്ത്യ അടക്കം 40 രാജ്യങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾക്കാണ് പൂർണ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റ് 16 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്. പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തിലുള്ള മുൻകരുതൽ എന്ന നിലയ്ക്കാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി.

അടുത്ത കാലത്ത് രാജ്യം ഏർപ്പെടുത്തിയിരിക്കുന്ന ഏറ്റവും വലിയ നിരോധനമാണിത്. എത്ര കാലത്തേക്കാണ് നിരോധനമെന്നത് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഭീഷണി വിട്ടൊഴിയുന്ന ഘട്ടമാകുമ്പോൾ നിരോധനത്തിൻ പുനഃപരിശോധനയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയ്ക്കും പുറമേ അഫ്ഗാനിസ്ഥാൻ, ജർമനി, ഇറാൻ അടക്കമുള്ള 40 രാജ്യങ്ങളാണ് പൂർണ നിരോധന പട്ടികയിലുള്ളത്. ഇതിനുപുറമേ ഓസ്ട്രേലിയ, യുഎസ്, ഇറ്റലി, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും നിരോധനം ബാധകമാണ്.
പൊതുജനങ്ങളുടെ ആരോഗ്യം സംരക്ഷണം, വിപണിയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ പാലിക്കുന്നതിനാണ് നീക്കമെന്ന് സൗദി അധികൃതർ വിശദീകരണം നൽകി. ചില രാജ്യങ്ങളിൽ നിന്നുള്ള പൗൾട്രി ഉൽപന്നങ്ങൾക്ക് 2004 മുതൽ നിരോധനം നിലനിൽക്കുന്നുണ്ട്. ഇതിലേക്കാണ് ഇപ്പോൾ പുതിയ രാജ്യങ്ങളെ കൂട്ടിച്ചേർത്തിരിക്കുന്നത്. പക്ഷിപ്പനി പോലുള്ള പകർച്ച വ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും കർശന സുരക്ഷ പരിശോധനയുണ്ടാകുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
The Saudi Food and Drug Authority (SFDA) has imposed a complete ban on poultry and egg imports from India and 39 other countries. Learn about the biosecurity reasons behind this sweeping precautionary move and its impact on global trade
