ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ യുഎസ് മൾട്ടിനാഷണൽ കമ്പ്യൂട്ടർ ടെക്നോളജി കോർപ്പറേഷൻ ഒറാക്കിൾ (Oracle). നിർമിത ബുദ്ധി (AI) മേഖലയിലെ വിപുലീകരണത്തിന് ഡാറ്റാ സെന്ററുകൾ നിർമിക്കുന്നതിനായി വൻതോതിൽ പണം ചിലവാകുന്നതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ വിവിധ വിഭാഗങ്ങളെ ഈ പിരിച്ചുവിടൽ ബാധിക്കുമെന്നും ഈ മാസം തന്നെ നടപടികൾ ഉണ്ടായേക്കുമെന്നും യുഎസ് മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. 2025 മെയ് മാസത്തെ കണക്കനുസരിച്ച് ലോകമെമ്പാടുമായി ഏകദേശം 1,62,000 ജീവനക്കാരാണ് ഒറാക്കിളിൽ ഉള്ളത്.

എഐ മേഖലയിൽ ആമസോൺ (Amazon), മൈക്രോസോഫ്റ്റ് (Microsoft) തുടങ്ങിയ പ്രമുഖരോട് മത്സരിക്കാൻ ലക്ഷ്യമിട്ട് ഡാറ്റാ സെന്റർ നിർമാണത്തിനായി 50 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഒറാക്കിളിന്റെ തീരുമാനം. ഇതിനായുള്ള വലിയ സാമ്പത്തിക ബാധ്യതകൾക്കിടയിൽ ബജറ്റ് നിയന്ത്രിക്കാനായാണ് കൂട്ടപ്പിരിച്ചുവിടൽ നടത്തുന്നത്. എഐ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ആവശ്യമില്ലെന്ന് കാണുന്ന ചില തൊഴിൽ തസ്തികകൾ ഒഴിവാക്കാനുള്ള കമ്പനിയുടെ തീരുമാനവും പിരിച്ചുവിടലിലേക്ക് നയിച്ചു. ഇതിന്റെ ഭാഗമായി ക്ലൗഡ് വിഭാഗത്തിലെ പുതിയ നിയമനങ്ങൾ കമ്പനി മരവിപ്പിച്ചിട്ടുമുണ്ട്
