പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വിതയ്ക്കുന്നതിനിടെ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ടെലിഫോണിലൂടെയായിരുന്നു ഇരുവരുടെയും സംഭാഷണം. ഇസ്രായേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം സംബന്ധിച്ച് ഫോൺ സംഭാഷണം നടത്തിയതായി മോഡി തന്നെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്.

സംഘർഷം രൂക്ഷമാകുന്നതിലും സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നതിലും സിവിൽ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലും മോഡി ആശങ്ക രേഖപ്പെടുത്തി. മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്കൊപ്പം ചരക്ക് നീക്കവും ഊർജ്ജ ലഭ്യതയും തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് ഇന്ത്യ പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിൽ ഇന്ത്യക്കുള്ള പ്രതിബദ്ധത ആവർത്തിച്ച പ്രധാനമന്ത്രി, പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
PM Narendra Modi discusses West Asia tensions with Iran’s President. Focus remains on regional peace, maritime security, and the safety of Indian citizens
