ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന്റെ ഭാഗമായി റിക്കറിംഗ് പേയ്മെന്റുകൾക്കായുള്ള ഇ-മാൻഡേറ്റ് ചട്ടങ്ങൾ പരിഷ്കരിച്ച് റിസർവ് ബാങ്ക്. പുതിയ ഉത്തരവ് പ്രകാരം, 15,000 രൂപ വരെയുള്ള ഓട്ടോ-ഡെബിറ്റ് ഇടപാടുകൾക്ക് ഇനി മുതൽ ഓരോ തവണയും ഒടിപി പോലുള്ള അധിക സുരക്ഷാ പരിശോധനകൾ ആവശ്യമില്ല. ആദ്യത്തെ തവണ അധിക സുരക്ഷാ ക്രമീകരണങ്ങളോടെ മാൻഡേറ്റ് രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ, പിന്നീട് നിശ്ചിത തീയതികളിൽ തുക അക്കൗണ്ടിൽ നിന്ന് സ്വയം ഈടാക്കപ്പെടും. ഇൻഷുറൻസ് പ്രീമിയം, മ്യൂച്വൽ ഫണ്ട് നിക്ഷേപം, ക്രെഡിറ്റ് കാർഡ് ബില്ലുകൾ എന്നിവയ്ക്ക് ഒരു ലക്ഷം രൂപ വരെ ഇത്തരത്തിൽ ഒടിപി ഇല്ലാതെ നൽകാൻ സാധിക്കുമെന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.

ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ കർശന സുരക്ഷാ മുൻകരുതലുകളും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്. തുക അക്കൗണ്ടിൽ നിന്ന് കുറയ്ക്കുന്നതിന് കുറഞ്ഞത് 24 മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താവിന് ബാങ്ക് സന്ദേശം അയച്ചിരിക്കണം. ഈ സന്ദേശത്തിൽ വ്യാപാരിയുടെ പേരും തുകയുമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ടാകും. പണം നൽകാൻ താൽപ്പര്യമില്ലെങ്കിലോ അല്ലെങ്കിൽ തെറ്റായ ഇടപാടാണെന്ന് തോന്നിയാലോ പണം ഈടാക്കുന്നതിന് മുമ്പ് തന്നെ ഉപഭോക്താവിന് ആ മാൻഡേറ്റ് റദ്ദാക്കാനോ തടയാനോ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
ആഭ്യന്തര ഇടപാടുകൾക്ക് പുറമെ വിദേശങ്ങളിലേക്കുള്ള റിക്കറിംഗ് പേയ്മെന്റുകൾക്കും ഇനി ഈ നിയമം ബാധകമായിരിക്കും. ഇ-മാൻഡേറ്റ് സൗകര്യം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളിൽ നിന്ന് അധിക ചാർജുകൾ ഈടാക്കാൻ പാടില്ലെന്നും ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പണം കൃത്യസമയത്ത് നൽകുന്നത് ഉറപ്പാക്കുന്നതിനൊപ്പം ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും ഈ ഏകീകൃത ചട്ടങ്ങൾ സഹായിക്കും. നിലവിലുള്ള എല്ലാ സർക്കുലറുകൾക്കും പകരമായിട്ടാണ് പുതിയ മാസ്റ്റർ പോളിസി റിസർവ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്.
RBI’s 2026 e-mandate framework removes OTP for recurring payments up to ₹15,000. Features higher limits for insurance and SIPs, pre-debit alerts, and enhanced user control for safe digital transactions
