വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്ക് ഡൽഹിയിൽ നിന്ന് ആഴ്ചയിൽ അഞ്ച് ദിവസം നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് എയർ ഇന്ത്യ. വെള്ളിയാഴ്ചയാണ് ഈ പുതിയ നോൺ-സ്റ്റോപ്പ് സർവീസിന് തുടക്കം കുറിച്ചത്. ഇതോടെ ഹനോയിയിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ആദ്യ ഇന്ത്യൻ വിമാനക്കമ്പനിയായി എയർ ഇന്ത്യ മാറി. ആദ്യ വിമാനമായ AI2390 പുലർച്ചെ 1:20-ന് (IST) ഡൽഹിയിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 7:20-ന് ഹനോയിയിലെ നോയ് ബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു. വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും വിമാനത്താവള അധികൃതരും എയർ ഇന്ത്യ ജീവനക്കാരും ചേർന്ന് ആദ്യ വിമാനത്തെ സ്വീകരിച്ചു.

ഹോ ചി മിൻ സിറ്റിക്ക് ശേഷം വിയറ്റ്‌നാമിൽ എയർ ഇന്ത്യ സർവീസ് നടത്തുന്ന രണ്ടാമത്തെ നഗരമാണ് ഹനോയി. തെക്കുകിഴക്കൻ ഏഷ്യയിൽ എയർ ഇന്ത്യയുടെ എട്ടാമത്തെ ലക്ഷ്യസ്ഥാനം കൂടിയാണിത്. നിലവിൽ ഹോ ചി മിൻ സിറ്റിയിലേക്ക് എയർ ഇന്ത്യ ദിവസേന സർവീസ് നടത്തുന്നുണ്ട്. ഹനോയി സർവീസ് കൂടി വന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ യാത്രാ ഓപ്ഷനുകൾ വർദ്ധിക്കും. വിനോദസഞ്ചാരികൾക്കും ബിസിനസ്സ് യാത്രക്കാർക്കും ഒരുപോലെ ഉപകാരപ്പെടുന്ന രീതിയിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഹനോയിയിലേക്ക് വിമാനം കയറാനും തിരികെ ഹോ ചി മിൻ സിറ്റി വഴി വരാനും അല്ലെങ്കിൽ തിരിച്ചും പ്ലാൻ ചെയ്യാൻ സാധിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
ബിസിനസ്, പ്രീമിയം ഇക്കണോമി, ഇക്കണോമി എന്നിങ്ങനെ മൂന്ന് ക്ലാസുകളുള്ള എയർബസ് A320neo വിമാനങ്ങളാണ് ഈ റൂട്ടിൽ ഉപയോഗിക്കുന്നത്. കൂടാതെ, വിയറ്റ്‌നാമിൽ നിന്ന് ഡൽഹി വഴി യൂറോപ്പിലേക്കോ യുണൈറ്റഡ് കിംഗ്ഡത്തിലേക്കോ യാത്ര ചെയ്യുന്നവർക്കും ഈ സർവീസ് മികച്ച കണക്റ്റിവിറ്റി നൽകുന്നു.
ശക്തമായ വിനോദസഞ്ചാര ആവശ്യകതയും വർദ്ധിച്ചുവരുന്ന ബിസിനസ്സ് വിനിമയങ്ങളും കാരണം വിയറ്റ്‌നാം ഇന്ത്യൻ യാത്രക്കാർക്ക് വലിയ സാധ്യതയുള്ള വിപണിയായി മാറിയിരിക്കുന്നതായി എയർ ഇന്ത്യ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിപുൺ അഗർവാൾ പറഞ്ഞു. ഹോ ചി മിൻ സിറ്റിക്ക് പുറമെ ഹനോയി കൂടി ശൃംഖലയിൽ ചേരുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിൽ കൂടുതൽ കണക്റ്റിവിറ്റിയും സൗകര്യവും വർദ്ധിക്കും. കൂടാതെ യൂറോപ്പിനും വിയറ്റ്‌നാമിനുമിടയിലുള്ള യാത്ര സുഗമമാക്കാനും ഇതിലൂടെ സാധിക്കും.
Air India expands its global footprint with new non-stop flights from Delhi to Hanoi. Operating 5 days a week using Airbus A320neo, this service offers seamless connectivity for tourists, business travelers, and those flying to Europe/UK via Delhi
