പ്രമുഖ ആഗോള ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല തങ്ങളുടെ ഇന്ത്യയിലെ വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഹൈദരാബാദിൽ പുതിയ സെയിൽസ്, സർവീസ് സെന്റർ സ്ഥാപിക്കാൻ ഒരുങ്ങുന്നു. ടെസ്‌ല ഇന്ത്യ പ്രതിനിധികൾ തെലങ്കാന ഐടി-വ്യവസായ മന്ത്രി ഡി. ശ്രീധർ ബാബുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹൈദരാബാദിൽ പ്രവർത്തനം ആരംഭിക്കാനുള്ള താല്പര്യം ഔദ്യോഗികമായി അറിയിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല് ഷോറൂമുകൾ സ്ഥാപിച്ചതിന് ശേഷം അടുത്ത കേന്ദ്രമായി ഹൈദരാബാദിനെ തിരഞ്ഞെടുത്തതിൽ മന്ത്രി ടെസ്‌ല അധികൃതരെ അഭിനന്ദിച്ചു.

ഇലക്ട്രിക് വാഹനങ്ങൾക്കും സെമികണ്ടക്ടർ ഡിസൈൻ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾക്കും അനുയോജ്യമായ മികച്ചൊരു ഇക്കോസിസ്റ്റം തെലങ്കാനയിൽ ഇതിനകം വികസിച്ചിട്ടുണ്ടെന്ന് ശ്രീധർ ബാബു ചൂണ്ടിക്കാട്ടി. ടെസ്‌ലയുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളുടെ സാധ്യതകൾ കൂടി സംസ്ഥാനത്ത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി, പുതിയ നിക്ഷേപങ്ങൾക്ക് പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.
Tesla plans to open a Sales and Service Center in Hyderabad, strengthening its presence in India’s growing EV market.
