മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള കേരളത്തെ ആഗോള വ്യവസായ ഹബ്ബാക്കി മാറ്റുമെന്നതടക്കം സുപ്രധാന വാഗ്ദാനങ്ങളടങ്ങുന്ന യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനം നടത്തി ഗവർണർ രാജേന്ദ്ര അർലേകർ. കേരളത്തെ നിർമ്മാണ മേഖലയുടെയും ലോജിസ്റ്റിക്സിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി പോർട്ടുകൾ കേന്ദ്രീകരിച്ചുള്ള വികസനവും ഇൻഡസ്ട്രിയൽ പാർക്കുകളുടെ വിപുലീകരണവും സർക്കാർ ലക്ഷ്യമിടുന്നു. പുതിയ സംരംഭകർക്ക് വായ്പാ സഹായങ്ങൾ ഉറപ്പാക്കും. ഡിജിറ്റൽ ഏകജാലക സംവിധാനങ്ങളിലൂടെ നിക്ഷേപകർക്ക് വേഗത്തിലുള്ള അനുമതികൾ ഉറപ്പാക്കും.

സംസ്ഥാനത്തെ ഐടിഐകളും മറ്റ് പരിശീലന കേന്ദ്രങ്ങളും അത്യാധുനിക ലാബുകളും സ്മാർട്ട് ക്ലാസ്റൂമുകളും സഹിതം നവീകരിച്ച് പട്ടികജാതി വിഭാഗങ്ങളിലെ യുവാക്കൾക്കും സ്ത്രീകൾക്കും പുതിയ കാലത്തെ തൊഴിലധിഷ്ഠിത കോഴ്സുകളിലൂടെ സംരംഭകരാകാൻ വലിയ അവസരമൊരുക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോടെക്നോളജി, ഗ്രീൻ എനർജി, സ്പേസ് ടെക്നോളജി തുടങ്ങി വളർന്നുവരുന്ന മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകും. പാരമ്പര്യ വ്യവസായങ്ങളായ കയർ, കൈത്തറി, പ്ലാന്റേഷൻ എന്നിവയെ സംരക്ഷിക്കാനും സർക്കാർ പദ്ധതിയിടുമെന്നു ഗവർണർ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ഐടിഐകളെ (ITI) അത്യാധുനിക ‘ഹബ് ആൻഡ് സ്പോക്ക്’ മോഡലിൽ നവീകരിക്കും. ഇങ്ങനെ പുറത്തിറങ്ങുന്ന ട്രെയിനികൾക്ക് ഉൽപ്പാദന കേന്ദ്രങ്ങൾ വഴി തൊഴിൽ നൈപുണ്യം നല്കാൻ നടപടിയുണ്ടാകുംണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ സാമ്പത്തികമായി ശാക്തീകരിച്ചുകൊണ്ട് ജനകീയ ഭരണ സംവിധാനത്തിലൂടെ വികസനം ഓരോ പൗരനിലേക്കും എത്തിക്കുമെന്നും സർക്കാർ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നു.
ഉന്നതവിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും പിഎസ്സി, യുപിഎസ്സി തുടങ്ങിയ മത്സരപരീക്ഷകൾക്കായി പ്രത്യേക പരിശീലനവും സർക്കാർ ലക്ഷ്യമിടുന്നു.
Governor Rajendra Arlekar delivers the UDF government’s policy address, aiming to make Kerala a global industrial hub with loan assistance, single-window clearances, and ITI upgrades
