ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയുള്ള തകർപ്പൻ പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ 15-കാരൻ വൈഭവ് സൂര്യവംശിയുടെ ആസ്തിവിവരങ്ങളും ശ്രദ്ധനേടുകയാണ്. ഐ.പി.എൽ 2026 എലിമിനേറ്ററിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 29 പന്തിൽ 97 റൺസ് അടിച്ചുകൂട്ടിയ ഈ യുവതാരത്തിന്റെ ആകെ ആസ്തി നിലവിൽ ഏകദേശം 7 കോടി രൂപയാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വരും ദിവസങ്ങളിൽ പരസ്യങ്ങളിലൂടെയും ബ്രാൻഡ് മൂല്യത്തിലൂടെയും ആസ്തി 10 കോടി കടക്കുമെന്നാണ് വിലയിരുത്തൽ. രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്കാണ് വൈഭവിനെ സ്വന്തമാക്കിയത്. ഇതിന് പുറമെ ഒരു മത്സരത്തിന് 7.5 ലക്ഷം രൂപ വീതം മാച്ച് ഫീസായും താരം നേടുന്നുണ്ട്. ഇത്തരത്തിൽ മത്സരങ്ങളിൽ നിന്ന് മാത്രം ഇതിനകം 1.5 കോടിയിലധികം രൂപ ഈ പതിനഞ്ചുകാരൻ സമ്പാദിച്ചുകഴിഞ്ഞു.
ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെ കരിയറിന്റെ തുടക്കത്തിൽ തന്നെ ആഡംബര ജീവിതമാണ് വൈഭവ് നയിക്കുന്നത്. മുംബൈയിൽ 2.5 കോടി മുതൽ 3 കോടി രൂപ വരെ വിലമതിക്കുന്ന ആധുനിക അപ്പാർട്ട്മെന്റും ബിഹാറിലെ താജ്പൂരിൽ 60 ലക്ഷത്തോളം വിലവരുന്ന കുടുംബവീടും ഈ യുവതാരത്തിനുണ്ട്.
മികച്ച പ്രകടനങ്ങൾക്കുള്ള സമ്മാനമായി ലഭിച്ച 17 ലക്ഷം രൂപയുടെ ‘ടാറ്റ കർവ്വ് ഇവി’ (Tata Curvv EV), ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർ സമ്മാനിച്ച മെർസിഡസ് ബെൻസ് കാർ എന്നിവയാണ് വൈഭവിന്റെ വാഹനശേഖരത്തിലുള്ളത്. ഇതിന് പുറമെ അന്താരാഷ്ട്ര യൂത്ത് ക്രിക്കറ്റിലെ മികച്ച പ്രകടനത്തിന് ബിഹാർ സർക്കാരിൽ നിന്ന് 50 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും താരത്തിന് ലഭിച്ചിരുന്നു.
Discover the net worth, IPL 2026 salary, luxury cars, and assets of Rajasthan Royals’ 15-year-old cricket sensation Vaibhav Suryavanshi after his historic knock.
