വാഹനങ്ങളിൽ ഉപയോഗിക്കാവുന്ന സുസ്ഥിര ഇന്ധനങ്ങളുടെ ഉത്പാദനവും വിതരണവും വ്യാപിപ്പിക്കുന്നതിനായി രാജ്യത്തുടനീളം 100 കംപ്രസ്ഡ് ബയോമീഥേൻ ഗ്യാസ് (CBG) പ്ലാന്റുകൾ സ്ഥാപിക്കാൻ നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് (NDDB). ഗൾഫ് മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങളെത്തുടർന്ന് പെട്രോൾ, ഗ്യാസ് വിതരണത്തിലുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും കണക്കിലെടുക്കുമ്പോൾ ഈ നീക്കം അതീവ പ്രാധാന്യമർഹിക്കുന്നു. ഫോസിൽ ഇന്ധനങ്ങൾക്കും സി.എൻ.ജിക്കും പകരമായി ഉപയോഗിക്കാവുന്ന ഈ ഇന്ധനം, ഇറക്കുമതി ചെലവ് കുറയ്ക്കാൻ സഹായിക്കും.

കർഷകരിൽ നിന്ന് ചാണകം വിലയ്ക്ക് വാങ്ങുന്നതിലൂടെയും അവ ഉപയോഗിച്ച് ബയോഗ്യാസ് ഉത്പാദിപ്പിക്കുന്നതിലൂടെയും കർഷകർക്ക് അധിക വരുമാനം ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുമെന്ന് എൻ.ഡി.ഡി.ബി ചെയർമാൻ മീനേഷ് ഷാ ഫോർച്യൂൺ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഗുജറാത്തിലെ ബനാസ്‌കന്തയിൽ എൻ.ഡി.ഡി.ബി, സുസുക്കി ആർ ആൻഡ് ഡി സെന്റർ, ബനാസ് ഡയറി (അമുൽ) എന്നിവർ സംയുക്തമായി ആരംഭിച്ച പൈലറ്റ് പ്രൊജക്റ്റിന്റെ വിജയമാണ് ഈ വൻ പദ്ധതിക്ക് ആധാരമായത്.
ചാണകത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോഗ്യാസ് ശുദ്ധീകരിച്ച് 95 ശതമാനത്തിലധികം വീര്യമുള്ള മീഥേൻ ആക്കി മാറ്റി കംപ്രസ് ചെയ്യുന്നതോടെ ഇത് സി.എൻ.ജിക്ക് തുല്യമായ ഗുണനിലവാരം കൈവരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളേക്കാൾ പരിസ്ഥിതി സൗഹൃദമാണ് സി.ബി.ജി ഇന്ധനങ്ങളെന്നും മീനേഷ് ഷാ ചൂണ്ടിക്കാട്ടി. ഈ പ്ലാന്റുകളിൽ നിന്ന് അവശിഷ്ടമായി ലഭിക്കുന്ന സ്ലറി ഉപയോഗിച്ച് ജൈവവളം നിർമ്മിക്കാനും സാധിക്കും. ഇത് രാസവളങ്ങളുടെ ഇറക്കുമതി കുറയ്ക്കാൻ സഹായിക്കും. മറ്റ് ഡയറി കോഓപ്പറേറ്റീവുകളുമായി ചേർന്ന് പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രങ്ങളിൽ എൻ.ഡി.ഡി.ബി ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു
To boost sustainable fuel and cut import costs, the National Dairy Development Board (NDDB) plans to establish 100 Compressed Biogas (CBG) plants across India.
