ഇന്ത്യയുടെ അതിവേഗം വളരുന്ന ഓൺലൈൻ ഭക്ഷണ വിതരണ വിപണിയിലേക്ക് പ്രവേശിക്കാൻ വാൾമാർട്ട് ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്സ് ഭീമൻ ഫ്ലിപ്കാർട്ട്. ഇതോടെ സൊമാറ്റോ, സ്വിഗ്ഗി എന്നീ മുൻനിര കമ്പനികൾക്കിടയിൽ കടുത്ത മത്സരം നടക്കുന്ന ഈ മേഖലയിലേക്ക് പ്രവേശിക്കുന്ന ഏറ്റവും പുതിയ ടെക് കമ്പനിയായി ഫ്ലിപ്കാർട്ട് മാറും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഫുഡ് ഡെലിവറി ആരംഭിക്കുമെന്ന് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

തങ്ങൾ ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങളെയും പോലെ, ആദ്യം ഫുഡ് ഡെലിവറി ആരംഭിക്കുകയും ഉപഭോക്താക്കളുമായി വാല്യൂ പ്രൊപ്പോസിഷൻ പരീക്ഷിക്കുകയും ഫീഡ്ബാക്ക് സ്വീകരിക്കുകയും ഉപഭോക്താവിനെ യഥാർത്ഥത്തിൽ ആകർഷിക്കുന്നത് വരെ ഉൽപ്പന്നം മെച്ചപ്പെടുത്തുന്നത് തുടരുകയും ചെയ്യും. അതിനുശേഷമാകും ഇത് വ്യാപിപ്പിക്കാൻ തുടങ്ങുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വിക്ക് കൊമേഴ്സ് ബിസിനസ്സായ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ എന്ന സംരംഭത്തിലൂടെ സ്വീകരിച്ച അതേ തന്ത്രം പിന്തുടർന്ന്, വിപുലമായ രീതിയിൽ അവതരിപ്പിക്കുന്നതിന് മുൻപ് പ്രാരംഭ ഘട്ടത്തിൽ ഈ സേവനം പരിമിതമായ അളവിലായിരിക്കും നടപ്പിലാക്കുക. ഇത് പ്രത്യേക ആപ്പിന്റെയും അതുപോലെ ഫ്ലിപ്കാർട്ട് ആപ്പിൽ തന്നെ ലഭ്യമാകുന്നതിന്റെയും സംയോജനമായിരിക്കുമെന്ന് കല്യാൺ കൃഷ്ണമൂർത്തി വ്യക്തമാക്കി.
എന്നാൽ ബ്രാൻഡിംഗോ ഏത് നഗരത്തിലാണ് ആദ്യം ലോഞ്ച് ചെയ്യുന്നതെന്നോ ഉള്ള വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സർക്കാരിന്റെ പിന്തുണയുള്ള ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സ് (ONDC) വഴിയുള്ള സംയോജനമായാണ് ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി സേവനങ്ങൾ പുറത്തിറക്കാൻ തയ്യാറെടുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്
E-commerce giant Flipkart is set to enter India’s online food delivery market to compete with Zomato and Swiggy. Learn more about their rollout strategy
