മൂന്നാറിലെ ടീ എസ്റ്റേറ്റുകളിൽ തേയിലക്കൊളുന്ത് ചുമക്കുന്ന ജോലി ലഘൂകരിക്കാൻ ലക്ഷ്യമിട്ട് ഡ്രോൺ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയായി. ദേവികുളത്തെ ഹാരിസൺ മലയാളം ലിമിറ്റഡിന് കീഴിലുള്ള ലാക്കാട്, ലോക്ക് ഹാർട്ട് എസ്റ്റേറ്റുകളിലാണ് ട്രോപ്പോ വർക്ക്സ് എന്ന ഡ്രോൺ കമ്പനിയുമായി ചേർന്ന് ഈ നൂതന പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

ബ്രിട്ടീഷ് കാലഘട്ടത്തിൽ റോപ്വേകളും മോണോറെയിലും ഉപയോഗിച്ചിരുന്നതിന് സമാനമായി, മലമുകളിൽ നിന്നും തേയിലക്കൊളുന്ത് വേഗത്തിലും കുറഞ്ഞ ചെലവിലും താഴെയെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. 10 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ഡ്രോണുകളാണ് ആദ്യഘട്ടത്തിൽ പരീക്ഷിച്ചത്.
കിലോമീറ്ററുകളോളം മലനിരകളിൽ നിന്ന് ഭാരമുള്ള കൊളുന്തുചാക്കുകൾ തൊഴിലാളികൾ ചുമന്ന് താഴെയെത്തിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളും സമയനഷ്ടവും ഉണ്ടാക്കിയിരുന്നു. കൂടാതെ തോട്ടങ്ങളിലെ തൊഴിലാളി ക്ഷാമവും ഇതിലൂടെ പരിഹരിക്കാനാകും. ആദ്യ പരീക്ഷണത്തിൽ 100 മുതൽ 300 അടി വരെ ഉയരത്തിലും 3 കിലോമീറ്റർ ദൂരത്തിലുമുള്ള തോട്ടങ്ങളിൽ നിന്ന് കൊളുന്ത് സുരക്ഷിതമായി എത്തിക്കാൻ കഴിഞ്ഞു.
Tea estates in Munnar have successfully tested drones to transport freshly plucked tea leaves, reducing manual labor, lowering costs, and improving operational efficiency in Kerala’s tea plantations
